അഗ്നിപഥ് ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; കേന്ദ്രസര്‍ക്കാരിന് ആശ്വാസം

അഗ്നിപഥ് ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; കേന്ദ്രസര്‍ക്കാരിന് ആശ്വാസം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ  അഗ്നിപഥ് പദ്ധതിക്കെതിരായ കേസില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസം. ന്യൂഡല്‍ഹി ഹൈക്കോടതിയാണ് പദ്ധതി ശരിവച്ച് വിധി പുറപ്പെടുവിച്ചത്. പദ്ധതിയില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി കോടതി പദ്ധതിക്കെതിരായ എല്ലാ ഹര്‍ജികളും തള്ളി. സൈന്യത്തെ നവീകരിക്കാനാണ് പദ്ധതിയെന്ന് വ്യക്തമാക്കിയ കോടതി, അഗ്നിപഥിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചതിനെതിരായ ഹര്‍ജിയും തള്ളി. രാജ്യതാല്‍പര്യം ലക്ഷ്യം വച്ചാണ് പദ്ധതിയെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
കേന്ദ്രസര്‍ക്കാര്‍ 2022 ജൂണ്‍ 14ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. അഗ്നിപഥുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹര്‍ജികളും ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. പദ്ധതി നിയമവിരുദ്ധമാണെന്നും നേരത്തെ നടത്തിയ റിക്രൂട്ട്‌മെന്റുകള്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കിയ നടപടി തെറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ ഹര്‍ജികള്‍ തള്ളണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്.

അന്‍പതിനായിരം യുവാക്കളെ ഓരോ വര്‍ഷവും ഹ്രസ്വകാലത്തേക്ക് സൈന്യത്തിലെടുക്കാനുള്ളതാണ് അഗ്നിപഥ് പദ്ധതി. മൂന്ന് സേനകളുടെയും തലവന്മാരാകും ഇത് പ്രഖ്യാപിക്കുക. ടൂര്‍ ഓഫ് ഡ്യൂട്ടി മാതൃകയിലുള്ള സൈനിക സേവനത്തിലൂടെ പതിനേഴര മുതല്‍ 21 വയസു വരെ പ്രായമുള്ളവര്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അവസരം ലഭിക്കും. പദ്ധതി പ്രകാരം എത്തുന്നവരെ അഗ്നിവീര്‍ എന്നാകും വിളിക്കുക. ആറ് മാസത്തെ പരിശീലനം ഉള്‍പ്പെടെ നാല് വര്‍ഷത്തേക്ക് 30000 രൂപ മാസ ശമ്പളത്തോടെയാകും നിയമനം.

Share

Leave a Reply

Your email address will not be published. Required fields are marked *