കൊച്ചി: ലൈഫ് മിഷന്‍ കരാറിലെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി നാളെ ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റോടെയാണ് ലൈഫ് മിഷന്‍ കരാറിലെ കള്ളപ്പണ കേസ് വീണ്ടും ചര്‍ച്ചയായത്. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സി.എം രവീന്ദ്രന്റെ അറിവോടെയെന്നാണ് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെ ലൈഫ് മിഷനിലെ കള്ളപ്പണ ഇടപാടില്‍ സി.എം രവീന്ദ്രന് പങ്കുണ്ടെന്ന് ഉറപ്പിക്കുന്ന നിരവധി ചാറ്റുകള്‍ പുറത്ത് വന്നിരുന്നു. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം.ശിവശങ്കറും സ്വപ്‌നയും 2019 സെപ്റ്റംബറില്‍ നടത്തിയ വാട്‌സ് ആപ് ചാറ്റില്‍ സി.എം രവീന്ദ്രനെ കൂടി വിളിക്കണമെന്ന് ശിവശങ്കര്‍ സ്വപ്‌നയോട് നിര്‍ദേശിച്ചിരുന്നു. സി.എം രവീന്ദ്രന്റെ കൂടി അറിവോടെയാണ് കരാറുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സംഘം നീക്കിയത് എന്ന് വ്യക്തമാക്കുന്നതായിരുന്നു സംഭാഷണങ്ങള്‍. സ്വപ്‌ന സുരേഷിന്റെ മൊഴിപ്രകാരം യൂണിടാക്കിന് ലൈഫ് മിഷന്‍ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളിലും സി.എം രവീന്ദ്രന്‍ പങ്കാളിയായിട്ടുണ്ട്. രാവിലെ 10.30നാണ് സി.എം രവീന്ദ്രന്‍ കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകേണ്ടത്.