തലശ്ശേരി: ഏഴരക്കണ്ടം പൊന്ന്യത്തങ്ക കളരിയിലേക്കുള്ള വഴിയരികില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ കളരിയങ്കത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയും, നിയമ സഭാ സ്പീക്കറുമായ അഡ്വ. എ.എന്‍ ഷംസീറിനെ ആലേഖനം ചെയ്ത കൂറ്റന്‍ ധൂളി ചിത്രം ശ്രദ്ധേയമായി. ധനേഷ് നാഗലശേരിയാണ് ജീവന്‍ തുടിക്കുന്ന ധൂളി ചിത്രം വരച്ചത്. പൊടി ഡ്രോയിംഗ് എന്ന് വിളിക്കപ്പെടുന്ന ഈ രചനയ്ക്ക് പ്രകൃതിദത്തമായ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ചെടികളില്‍ നിന്നാണ് പിഗ്മെന്റുകള്‍ വേര്‍തിരിച്ചെടുക്കുന്നത്. അരിപ്പൊടി (വെള്ള), കരിപ്പൊടി (കറുപ്പ്), മഞ്ഞള്‍പൊടി (മഞ്ഞ), പൊടിച്ച പച്ച ഇലകള്‍ (പച്ച), മഞ്ഞള്‍പ്പൊടിയും നാരങ്ങയും (ചുവപ്പ്) എന്നിവയാണ് മിശ്രിതം. മുഴുവന്‍ പ്രക്രിയക്കും രണ്ട് മണിക്കൂര്‍ സമയം വേണം. ചിലപ്പോള്‍ ഇത് ഈന്തപ്പനകളുടെ മേലാപ്പ്, ചുവന്ന ചെമ്പരത്തി പൂക്കളുടെ മാലകള്‍, തുളസി അല്ലെങ്കില്‍ ഒസിമം ഇലകള്‍ എന്നിവ കൊണ്ട് അലങ്കരിക്കാമെന്ന് കലാകാരന്മാര്‍ പറയുന്നു. ഭാവ സാന്ദ്രമായ ഈ സൃഷ്ടിയില്‍ വര്‍ണ്ണ വിന്യാസം അതിപ്രധാനമാണ്. ഇതോടൊപ്പം ഒട്ടേറെ ചിത്രകാരന്മാര്‍ വരച്ച അനുഷ്ഠാന കലകളുടെ രചനകളുമുണ്ട്.