തലശ്ശേരി: കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ എഴുതപ്പെടുന്ന സുപ്രധാന കേന്ദ്രമായി മാറിയ പൈതൃകനഗരമായ തലശ്ശേരി, സകല കലകളുടേയും പ്രഭവകേന്ദ്രമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. കേരളം ലോകത്തിന് നല്‍കിയ മഹത്തായ ആയോധന കലയായ കളരിക്ക് വന്‍തോതിലുള്ള പ്രാധാന്യവും പ്രോത്സാഹനവും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പൊന്ന്യത്തങ്കത്തിന്റെ അഞ്ചാം നാളില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്‌ഘൊടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കളരി-നാടന്‍ കലാപ്രതിഭകളെ മന്ത്രി ആദരിച്ചു. ചടങ്ങില്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സ്പീക്കര്‍ അഡ്വ.എ.എന്‍.ഷംസീര്‍ വിശിഷ്ടാതിഥിയായിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍, മുഹമ്മദ് അഫ്‌സല്‍, എ.വി അജയകുമാര്‍, എം.സി പവിത്രന്‍, ഡോ. എ.പി ശ്രീധരന്‍, അഡ്വ.സുരേഷ് സോമ, പി.കെ സാവിത്രി സംസാരിച്ചു. പി.പി സനല്‍ സ്വാഗതവും, പി.വി ലവ്‌ലിന്‍ നന്ദിയും പറഞ്ഞു. അല്‍-മുബാറക്ക് കളരിയുടേയും ദുബായ് കളരി ക്ലബ്ബിന്റെയും കളരിയഭ്യാസ പ്രകടനമുണ്ടായി. യോഗ നൃത്തം, ലാസ്യ പയ്യന്നൂര്‍ അവതരിപ്പിച്ച ‘പുലിജന്‍മം’, കാരി ഗുരുക്കള്‍ തെയ്യത്തിന്റെ ന്യത്താവിഷ്‌ക്കാരവും നടന്നു. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് കോയ കാപ്പാടിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖരന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ.പി.വി കളരി കടുത്തുരുത്തിയുടേയും, വിശ്വഭാരത് കളരിയുടേയും കളരിയങ്കം അരങ്ങേറും. ഗുരു ഗോപിനാഥ് നടന ഗ്രാമം അവതരിപ്പിക്കുന്ന കേരളനടനം, ഫ്യൂഷന്‍ ഡാന്‍സ് എന്നിവയുമുണ്ടാകും.