പള്ളൂര്‍: സബര്‍മതി ട്രസ്റ്റിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മൂന്നങ്ങാടിയിലെ സോഷ്യല്‍ ആന്റ് ബിഹേവിയറല്‍ ഹെല്‍ത്ത് അക്കാദമി, മാഹിയിലെ ഭിന്നശേഷിക്കാരുടെ അസോസിയേഷനായ ആപ്ത എന്നിവയുടെസഹകരണത്തോടെ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സാമൂഹ്യ-വിദ്യാഭ്യാസ പ്രശ്‌നങ്ങളെ കുറിച്ച് ചെമ്പ്ര എച്ച്.എച്ച്.എഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് നടത്തിയ ദേശീയ സെമിനാര്‍
തിരുച്ചിറപള്ളി ബിഷപ് ഹെബര്‍ കോളജിലെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗം തലവന്‍ ഡോ. എഫ്. കാര്‍ട്ടര്‍ പ്രേംരാജ് ഉദ്ഘാടനം ചെയ്തു.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് അവരുടെ കൂടപ്പിറപ്പുകളും ബന്ധുക്കളും നല്‍കുന്ന സ്‌നേഹവും പരിരക്ഷയുമാണ് അവര്‍ മുഖ്യധാരയില്‍ എത്താനുള്ള എളുപ്പവഴിയെന്ന് അദ്ദേഹം പറഞ്ഞു. സബര്‍മതി ട്രസ്റ്റ് രക്ഷാധികാരി പി.പി വിനോദന്‍, എം.സി.സി.ഐ.ടി പ്രസിഡന്റ് സജിത്ത് നാരായണന്‍ എന്നിവര്‍മുഖ്യാതിഥികളായിരുന്നു. സമത്വശ്രീ മിഷന്‍ അസി.ഡയരക്ടര്‍ ലിഗിന പി.വി അധ്യക്ഷത വഹിച്ചു. ആപ്ത പ്രസിഡന്റ് സജീര്‍ ചെറുകല്ലായി, പരിശീലന വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ രാജീവ് ഈ.കെ എന്നിവര്‍ സംസാരിച്ചു.വിവിധ ഘട്ടങ്ങളിലായി നടന്ന ക്ലാസുകളില്‍ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ അനുഭവിക്കുന്ന ചൂഷണങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ കുറിച്ച് മാഹി ആരോഗ്യ വകുപ്പ് ഡെപ്യുട്ടി ഡയരക്ടര്‍ ഡോ. പവിത്രന്‍ കെ.വി ക്ലാസ്സെടുത്തു. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ കുടുംബ- സാമൂഹിക-സാമ്പത്തിക മേഖലയില്‍ സൈക്യാട്രിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നിവരുടെ പങ്കിനെ കുറിച്ച് ഡോ.മഹേഷ് പള്ളൂര്‍ സംസാരിച്ചു.
തുടര്‍ന്ന് ഇരിട്ടി അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളജിലെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ സേവ്യര്‍കുട്ടി ഫ്രാന്‍സിസ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സാമൂഹ്യ പുനരധിവാസം എന്ന വിഷയത്തെ കുറിച്ചും മാഹി അസി. ലേബര്‍ ഓഫീസര്‍ മനോജ് കുമാര്‍.കെ ‘നാഷണല്‍ ട്രസ്റ്റ് ആക്ട് ആന്റ് ലീഗല്‍ ഗ്വാര്‍ഡിയന്‍ഷിപ്പ് ‘ എന്ന വിഷയത്തെ കുറിച്ചുംമാഹി സഹകരണ ബി.എ.ഡ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസ്സര്‍ കെ.പി ഖദീജസനം ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ കുട്ടിക്കാലവും രക്ഷാകര്‍തൃത്വവും എന്ന വിഷയത്തെ കുറിച്ചും സംസാരിച്ചു.
ദേശീയ സെമിനാറിന്റെ സമാപനം മാഹി ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി എ.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമത്വശ്രീ മിഷന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ ആശാലത പി.പി അധ്യക്ഷത വഹിച്ചു. സബര്‍മതി ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ടി. ശ്രീനിവാസന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു. കേരളത്തിനകത്തും പുറത്തുമായി നൂറിലധികം പേര്‍ സെമിനാറില്‍ പങ്കെടുത്തു. മാഹി ജനറല്‍ ഹോസ്പിറ്റലില്‍ മാസത്തില്‍ രണ്ടാഴ്ച്ചയെങ്കിലും സൈക്യാട്രിസ്റ്റിന്റെ സേവനം ലഭ്യമാക്കണമെന്നും ബുദ്ധിവൈകല്യം നേരിടുന്നവര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉടനെ നടത്തണമെന്നും ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ അസോസിയേഷനായ ആപ്തയ്ക്ക് വേണ്ടി സെക്രട്ടറി ഷബ്‌ന കെ.വി മാഹി ആരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് നിവേദനം നല്‍കി. ആപ്തയുടെ രക്ഷാധികാരി രേഖ, വൈകല്യ വിഭാഗം കോ-കണ്‍വീനര്‍ ഷാജന്‍.എന്‍, ലിസ്മി സജി, മാലിനി വി.എം, ജസ്‌ന ഫൈസല്‍, ഷംന വി.വി, ശൈലജ ഷാജന്‍, ഷീബ ഇ.എം. കലയരശു എന്നിവര്‍ സംസാരിച്ചു. വൈകല്യ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ അഷിത ബഷീര്‍ സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ എസ്.കെ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.