ഭാരത് ജോഡോ യാത്രയോടെ എന്റെ രാഷ്ട്രീയ ജീവിതത്തിന് തിരശീല: സോണിയാ ഗാന്ധി

ഭാരത് ജോഡോ യാത്രയോടെ എന്റെ രാഷ്ട്രീയ ജീവിതത്തിന് തിരശീല: സോണിയാ ഗാന്ധി

റായ്പൂര്‍: കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടെ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന് സൂചിപ്പിച്ച് സോണിയ ഗാന്ധി. പ്ലീനറി സമ്മേളനത്തില്‍ നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി. ‘ഭാരത് ജോഡോ യാത്രയോട് കൂടി എന്റെ ഇന്നിംഗ്സ് അവസാനിക്കുമെന്നതാണ് എന്നെ ഏറ്റവും ആഹ്ലാദിപ്പിക്കുന്ന കാര്യം. യാത്ര ഒരു വഴിത്തിരിവായി. ഇന്ത്യയിലെ ജനങ്ങള്‍ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ടെന്ന് ഇത് തെളിയിച്ചു.’ സോണിയാ ഗാന്ധി പറഞ്ഞു.
അംഗങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവും കോണ്‍ഗ്രസ് നല്‍കി. പരസ്യമായി പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിക്കരുത്, ലഹരി ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. റായ്പൂരിലെ മൂന്ന് ദിന പ്ലീനറി സമ്മേളനത്തിലാണ് പാര്‍ട്ടി ഭരണഘടനയില്‍ ഇക്കാര്യങ്ങള്‍ കൂട്ടിചേര്‍ത്തത്. അംഗങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും കമ്മ്യൂണിറ്റി സേവനങ്ങളിലും സജീവമാകണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കി. ഇതിനുപുറമേ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

രാജ്യവും കോണ്‍ഗ്രസും ഒരുപോലെ വെല്ലുവിളി നേരിടുന്ന സമയമാണിത്. ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ ഓരോ സ്ഥാപനവും പിടിച്ചെടുക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നുവെന്നും സോണിയ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ഭരണഘടന സ്ഥാപനങ്ങളെ ആക്രമിക്കുന്നു. രാജ്യത്തെ സമ്പത്ത് ബിസിനസുകാര്‍ക്ക് നല്‍കുന്നുവെന്നും സോണിയാഗാന്ധി പറഞ്ഞു. പൊതുതാല്‍പര്യം കണക്കിലെടുത്ത് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസിന്റെ വിജയം ഓരോ പ്രവര്‍ത്തകന്റേയും വിജയമാണെന്നും സോണിയ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *