കോഴിക്കോട്: സംസ്ഥാന കായിക യുവജന കാര്യാലയവും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ആന്റ് ആന്റി ഡ്രഗ് അവയര്‍നെസ് ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നതിനുവേണ്ടി പര്യടനം നടത്തുന്ന ഫിറ്റ്‌നസ് ബസ് 27ന് ജേില്ലയില്‍ പര്യടനം നടത്തും. ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ആന്റ് വി.എച്ച്.എസ്.എസില്‍ രാവിലെയും, കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസില്‍ ഉച്ചയ്ക്കശേഷവുമാണ് കുട്ടികളിലെ കായിക ക്ഷമത പരിശോധിക്കുക.
ആറു മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ നിന്നായി 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌കൗട്ട്, മെഡിസിന്‍ ബോള്‍ ത്രോ, പുഷ് അപ്സ്, മെയ് വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആന്‍ഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള ടെസ്റ്റുകള്‍ തുടങ്ങിയ പരിശോധനകളാണ് നടത്തുക. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും അവരെ ഏറ്റവും അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും പരിശോധനകളിലൂടെ സാധിക്കും. ഒപ്പം ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയില്‍ പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കാനും സാധിക്കും. പരിശോധനയിലൂടെ ഫിറ്റ്‌നസ് ലെവല്‍ തിരിച്ചറിയാനും അതുവഴി കായിക മികവുള്ള കുട്ടികളെ കണ്ടെത്താനും ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പരിശീലന പ്രോട്ടോക്കോള്‍ രൂപകല്‍പന ചെയ്യാനും സാധിക്കും.