പണ്ഡിതന്മാര്‍ സമുദായത്തെ ഭിന്നിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുത്: കേരള ജംഇയ്യത്തുല്‍ ഉലമ

പണ്ഡിതന്മാര്‍ സമുദായത്തെ ഭിന്നിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുത്: കേരള ജംഇയ്യത്തുല്‍ ഉലമ

കോഴിക്കോട്: കാലത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ മുസ്ലീം സമൂഹത്തെ സജ്ജമാക്കാന്‍ ബാധ്യതപ്പെട്ട പണ്ഡിതന്മാര്‍ അനാവശ്യമായ സംഘടനാ പക്ഷപാതിത്വത്തിന്റെ പേരില്‍ സമുദായത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ മര്‍കസുദ്ദഅ്‌വയില്‍ സംഘടിപ്പിച്ച കേരള സ്‌കോളേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു. കാലത്തിന്റെ ചോദ്യങ്ങള്‍ക്ക് പ്രമാണബന്ധിതമായി ഉത്തരം കണ്ടെത്താന്‍ സമുദായത്തെ പ്രാപ്തരാക്കുകയെന്നതായിരിക്കണം ഇക്കാലത്ത് പണ്ഡിത ദൗത്യമായി കാണേണ്ടത്. സാമൂഹ്യ നവോത്ഥാനത്തിന് മുന്‍കയ്യെടുക്കുന്ന പണ്ഡിതന്മാരെ അനാവശ്യമായി വേട്ടയാടി ഒറ്റപ്പെടുത്തുന്ന പ്രവണത ഒട്ടും ശരിയല്ല.

അന്ധവിശ്വാസങ്ങളില്‍ നിന്നും സാമൂഹ്യതിന്‍മകളില്‍ നിന്നും സമുദായത്തെ കാത്തുരക്ഷിക്കാന്‍ പണ്ഡിതന്‍മാര്‍ ജാഗ്രവത്താവണം. നവലിബറല്‍ ചിന്താധാര ആധുനിക യുവതയില്‍ സൃഷ്ടിക്കുന്ന അരാജകത്വത്തെ തന്മയത്വത്തോടെ നേരിടാന്‍ മഹല്ലുകളെ സജ്ജമാക്കണം. ആത്മീയ മേഖലയെ ധനസമ്പാദത്തിനുള്ള മാര്‍ഗമാക്കി മാറ്റുന്നവരെ ആത്മീയ മേഖലകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പണ്ഡിതന്‍മാര്‍ തന്നെ വിശ്വാസികളെ ബോധവല്‍ക്കരിക്കണം. മത പ്രബോധന മേഖലയെ ധനാഗമ മാര്‍ഗമാക്കി മാറ്റുന്ന പുരോഹിതന്മാര്‍ വിശ്വാസികളെ മതത്തില്‍ നിന്നകറ്റുമെന്ന യാഥാര്‍ത്ഥ്യം മത നേതൃത്വങ്ങള്‍ ഗൗരവമായി കാണണമെന്നും കെ.ജെ.യു. സ്‌കോളേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു.

സ്‌കോളേഴ്‌സ് മീറ്റ് പ്രസിഡന്റ് പ്രൊഫ. എ. അബ്ദുല്‍ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി ഡോ. കെ. ജമാലുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു.കെ.എന്‍.എം. മര്‍കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.പി. അബ്ദുല്‍അലി മദനി, പി.കെ മൊയ്തീന്‍ സുല്ലമി, പ്രൊഫ. അലി മദനി മൊറയൂര്‍, പ്രൊഫ.എ.പി സകരിയ്യ, ഡോ. അബ്ദുല്‍ മജീദ് മദനി, എ. അബ്ദുല്‍ അസീസ് മദനി, എം. അഹ്‌മദ്കുട്ടി മദനി, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, കെ.അബൂബക്കര്‍ മൗലവി, കെ.പി അബ്ദുറഹ്‌മാന്‍ സുല്ലമി, കെ.സി.സി മുഹമ്മദ് അന്‍സാരി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുസ്സലാം പുത്തൂര്‍, കെ.എം. കുഞ്ഞമ്മദ് മദനി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *