കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിനെതിരേ പൊതു സമൂഹം രംഗത്ത് വരണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംഘപരിവാര്‍ ആസൂത്രിതമായി നടത്തുന്ന അക്കാദമിക ഹിന്ദുത്വത്തിന്റെ ഭാഗമാണ് സംഘപരിവാര്‍ സഹയാത്രികനെ എന്‍.ഐ.ടി ഡയരക്ടറായി നിയമിച്ചത്. സംഘപരിവാര്‍ പോഷക സംഘടനക്ക് പരിപാടി നടത്താന്‍ എന്‍. ഐ.ടി ക്യാമ്പസില്‍ ഔദ്യോഗിക അനുമതി നല്‍കിയതും, ഇപ്പോള്‍ സംഘപരിവാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ വിദ്യാഭ്യാസ സ്ഥാപനമായ മാഗ്‌കോമും എന്‍.ഐ.ടിയും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനവും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ കാവിവല്‍ക്കരിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്.
സംഘപരിവാര്‍ അനുകൂല മാധ്യമ പ്രവര്‍ത്തകരെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ് മാഗ്‌കോം. ഇത്തരം ആസൂത്രിത ശ്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രധിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. സംഘപരിവാര്‍ പദ്ധതിയില്‍ വീണ് പരിപാടിയില്‍ പങ്കെടുത്ത പി.ടി.എ റഹീം എം.എല്‍.എ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍, ജനറല്‍ സെക്രട്ടറിമാരായ തബ്ഷീറ സുഹൈല്‍, റഈസ് കുണ്ടുങ്ങല്‍, വൈസ് പ്രസിഡന്റ്മാരായ ആയിഷ മന്ന, റഹീം ചേന്ദമംഗല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.