മലപ്പുറം: കരിപ്പൂരില്‍ നിന്നും ദുബൈയിലേക്കും ഷാര്‍ജയിലേക്കും അവിടെ നിന്നും കരിപ്പൂരിലേക്കും സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യാ വിമാന സര്‍വ്വീസ് കാരണമൊന്നുമില്ലാതെ മാര്‍ച്ച് മുതല്‍ നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം(എം.ഡി.എഫ്) സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, മന്ത്രി വി.അബ്ദുറഹ്‌മാനുമായി കൂടികാഴ്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തു. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്നത് എയര്‍ ഇന്ത്യയെയായിരുന്നു.
ഈ സെക്ടറിലേക്ക് എയര്‍ ഇന്ത്യാ സര്‍വ്വീസ് കൂടി നിര്‍ത്തലാക്കുന്നതോടെ ആയിരക്കണക്കിന് പ്രവാസികളാണ് പ്രയാസത്തിലാവുക. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് എം.ഡി.എഫ്.ഭാരവാഹികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് അംശാദായം അടക്കുന്നത് ഏതെങ്കിലും സാഹചര്യത്തില്‍ മുടങ്ങിപോയാല്‍ അംശാദായത്തിന് പുറമെ ഭീമമായ സംഖ്യ പലിശയിനത്തില്‍ ഈടാക്കുന്നത് പിന്‍വലിക്കണമെന്നും അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒറ്റതവണ അടവിലൂടെ ക്ഷേമനിധിയില്‍ അംഗത്വമെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പ്രവാസിക്ഷേമനിധിയുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും തിരുന്നാവായ -ഗുരുവായൂര്‍ റെയില്‍ പാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.ഡി.എഫ് ഭാരവാഹികള്‍ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. എം.ഡി.എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എസ്.എ അബൂബക്കര്‍, ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്ങല്‍ പാറ, നിസ്താര്‍ ചെറുവണ്ണൂര്‍, ഫ്രീഡാപോള്‍ എന്നിവര്‍ സംബന്ധിച്ചു.