കോഴിക്കോട്: നിരാലംബരുടെ അഭയകേന്ദ്രമായ അത്താണിയുടെ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന സ്‌നേഹവിരുന്ന് മാര്‍ച്ച് 4, 5, 6ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി നാടൊരുമിച്ച് നടത്തിയ ബിരിയാണി വിരുന്നുകള്‍ വന്‍ വിജയമായിരുന്നു. ഈ വര്‍ഷത്തെ സ്‌നേഹവിരുന്നില്‍ പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയും സംഘവും രുചിയൂറും പായസം ഒരുക്കും. സ്‌നേഹവിരുന്നിന്റെ ഒന്നാം ദിനമായ മാര്‍ച്ച് നാലിന് അത്താണിയെ അടുത്തറിയാന്‍ ജാതി-മത-കക്ഷി രാഷ്ട്രീയത്തിന് അതീതമായി നാടൊന്നാകെ അത്താണി ഗ്രേസ് ഗാര്‍ഡനില്‍ ഒരുമിക്കുകയാണ്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, മറ്റു ജനപ്രതിനിധികള്‍, വ്യാവസായിക രംഗത്തെ പ്രമുഖര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ക്ക് അത്താണി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും. സമൂഹത്തില്‍ ഒറ്റപ്പെട്ട് കടുത്ത ദുരിതങ്ങള്‍ അനുഭവിക്കുന്ന രോഗികളായ ഒട്ടേറെ പേര്‍ക്ക് താങ്ങായി നിലക്കൊള്ളുന്ന അത്താണിക്ക് വരുമാനം കണ്ടെത്തുന്നതിനും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ കൂടിച്ചേരല്‍ സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാര്‍ എന്‍ജിനീയര്‍ കെ.അബൂബക്കര്‍, ജനറല്‍ സെക്രട്ടറി വി.പി അബ്ദുല്‍ ഖാദര്‍, മുനൂര്‍ കാരക്കുന്നത്ത്, നൗഷാദ് നരിക്കുനി എന്നിവര്‍ പങ്കെടുത്തു.