കോഴിക്കോട്: വിളര്‍ച്ച മുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന വിവ കേരളം ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മേയര്‍ ഡോ.ബീന ഫിലിപ്പ് വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ നിര്‍വഹിച്ചു. ശരിയായ രീതിയിലൂടെയുള്ള ഭക്ഷണ ക്രമത്തിലൂടെ വിളര്‍ച്ചയെ നിയന്ത്രിക്കാനാവണമെന്നും വ്യായാമം ഒരു ശീലമാക്കണമെന്നും മേയര്‍ പറഞ്ഞു. 15 മുതല്‍ 59 വയസ് വരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ നിര്‍ണയവും ആവശ്യമായവര്‍ക്ക് ചികിത്സയും ഉറപ്പാക്കുന്ന സമ്പൂര്‍ണ അനീമിയ നിര്‍ണയ നിയന്ത്രണ ക്യാമ്പയിനാണ് ‘വിവ’. അനീമിയ ഇല്ലാതാക്കുന്നതിന് ഭക്ഷണ ശീലങ്ങളിലും ജീവിതശൈലിയിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ബോധവല്‍ക്കരണവും ആരോഗ്യവിദ്യാഭ്യാസവും നല്‍കാനാണ് ക്യാമ്പയിന്‍ ലക്ഷ്യം വയ്ക്കുന്നത്.
ജില്ലയിലെ കൗമാരപ്രായക്കാരായ കുട്ടികളുടെ ഇടയില്‍ മാനസിക-ശാരീരിക ആരോഗ്യ ബോധവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും ജെന്‍ഡര്‍ പാര്‍ക്കും സംയുക്തമായി നടത്തിയ ‘കൈയൊപ്പ് ‘(Signature of Adolescents) പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റേയും രാഷ്ട്രത്തിന്റേയും പ്രതീക്ഷകളായ കുട്ടികള്‍ക്ക് വേണ്ടി നിരവധി പരിപാടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
മഴവില്ല് ആര്‍ത്തവ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായുള്ള വാഹന പ്രചരണത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ സബ് ജഡ്ജ് ഷൈജല്‍ എം.പി നിര്‍വഹിച്ചു. ഗവ. എയിഡഡ് (ഗേള്‍സ് ആന്‍ഡ് മിക്‌സഡ്) സ്‌കൂളുകളിലാണ് വാഹന പ്രചരണം നടത്തുന്നത്. പരിപാടിയുടെ ഭാഗമായി കോര്‍പറേഷന്‍ പരിധിയിലെ 29 സ്‌കൂളുകളില്‍ പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും.
പരിപാടിയില്‍ പങ്കെടുത്ത 15 മുതല്‍ 59 വരെ പ്രായപരിധിയിലുള്ള 116 സ്ത്രീകളുടെ ഹീമോ ഗ്ലോബിന്‍ പരിശോധിച്ചു. പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കായി വിവിധ കലാമത്സരങ്ങള്‍, ബോധവല്‍ക്കരണ ക്ലാസ്, അയണ്‍ അടങ്ങിയ സമീകൃത പോഷകാഹാര പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. ചടങ്ങില്‍ കുട്ടി ഡോക്ടര്‍ ബാഡ്ജ് വിതരണവും കുട്ടി ഡോക്ടര്‍ നോണ്‍ ഫിനാന്‍ഷ്യല്‍ ഇന്‍സെന്റീവ് വിതരണവും നടത്തി.
അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. ദിനേഷ് കുമാര്‍ എ.പി അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍.എ , ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. മോഹന്‍ദാസ്. ടി.എന്‍. കെ. കെ. പി.നോഡല്‍ ഓഫിസര്‍ ഡോ.ഷാജി സി.കെ, വിദ്യാഭ്യാസ മീഡിയ ഓഫിസര്‍ മുഹമ്മദ് മുസ്തഫ.കെ, പ്രോഗ്രാം ഓഫീസര്‍ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡിപ്പാര്‍ട്‌മെന്റ് അനിത.പി, എന്‍. എച്ച്.എം കണ്‍സല്‍ട്ടന്റ് ( ഡി ആന്‍ഡ് സി ) ദിവ്യ.സി, മഞ്ജു എന്നിവര്‍ സംസാരിച്ചു.