സംസ്ഥാനത്തെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതുസംരംഭകരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി വൈഗ 2023 – അന്താരാഷ്ട്ര ശില്‍പശാലയും കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിക്കുന്നുവെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. 2023 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ വച്ച് സംഘടിപ്പിക്കുന്ന വൈഗയുടെ ആശയം ‘കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ശൃംഖലകളുടെ വികസനം’ എന്നതാണെന്നും മന്ത്രി സൂചിപ്പിച്ചു. വൈഗ 2023ന് മുന്നോടിയായി മാധ്യമസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വൈഗയുടെ ആറാമത് പതിപ്പ് 2023 ഫെബ്രുവരി 25ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാര്‍ പങ്കെടുക്കും. കാര്‍ഷിക മേഖലയിലെ സംരംഭകത്വ പ്രോത്സാഹനത്തിനായി വൈഗ-2023 നോടനുബന്ധിച്ച് ഡി.പി.ആര്‍ ക്ലിനിക് പ്രത്യേകമായി വിഭാവനം ചെയ്തു നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്നും രണ്ട് മാസത്തിലൊരിക്കല്‍ ഡി.പി.ആര്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി വിപണിയില്‍ നേരിട്ട് എത്തിക്കുന്നതിനും അതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് പൂര്‍ണമായും ലഭിക്കുന്നതിനും ബിസിനസ്സ് മീറ്റ് (ബി ടു ബി), കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്ന ആശയത്തിലുള്ള കാര്‍ഷിക പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ വൈഗയുടെ ഭാഗമായി ഒരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പിന്റെ ഉല്‍പന്നങ്ങള്‍ ‘കേരള്‍ അഗ്രോ’ ബ്രാന്‍ഡില്‍ ഓണ്‍ലൈനിലെത്തിക്കുമെന്നും, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ് പ്രോത്സാഹിപ്പിക്കുന്നതിനായി മൂല്യവര്‍ധിത കൃഷി മിഷന്‍, കര്‍ഷകരുടെ കൂടെ പങ്കാളിത്തമുള്ള KABCO കമ്പനി എന്നിവ പ്രായോഗികമാക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മനോജ് വിവരിച്ചു. കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ബി അശോക് ഐ.എ.എസ് അധ്യക്ഷനായ യോഗത്തില്‍ കൃഷി ഡയറക്ടര്‍ അഞ്ജു കെ.എസ്.ഐ എ.എസ് സ്വാഗതവും പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പദ്മം എസ് നന്ദിയും പറഞ്ഞു.