കോഴിക്കോട്: മര്‍കസിന് കീഴില്‍ രാജ്യമെമ്പാടും നടപ്പിലാക്കി വരുന്ന വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുടെ സമര്‍പ്പണം പിന്നോക്ക ക്ഷേമ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആവിഷ്‌കരിച്ച പദ്ധതികളാണ് മാര്‍ച്ച് രണ്ടിന് നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് ഗുണഭോക്താക്കള്‍ക്കായി നല്‍കിയത്. സമര്‍പ്പണ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
മൂന്ന് മാസങ്ങളിലായി ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് പതിമൂവായിരത്തിലധികം ഗുണഭോക്താക്കളാണുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, കുടുംബം തുടങ്ങിയ വിവിധ മേഖലകളിലാണ് ഇക്കാലയളവില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ആരോഗ്യമേഖലയില്‍ മെഡിക്കല്‍ ബെഡ്, വാക്കര്‍, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയ 89 ഉപകരണങ്ങള്‍ വിതരണം ചെയ്തു. കൂടാതെ ഡയാലിസിസ്, സിസേറിയന്‍, വിവിധ ശസ്ത്രക്രിയകള്‍, മരുന്നുകള്‍ക്കുള്ള ധനസഹായവും നല്‍കി.
വിഭ്യാഭ്യാസ രംഗത്ത് രണ്ട് സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മിക്കുകയും പഠനകിറ്റ് വിതരണം നടത്തുകയും ചെയ്തു. ആറു ബോട്ടുകള്‍, വുഡ് കട്ടര്‍, പോള്‍ട്രി ഫാം, ഉന്തുവണ്ടി തുടങ്ങിയ ഉപകരണങ്ങളും ജീവിതോപാധികളുമാണ് തൊഴില്‍ രംഗത്ത് സമര്‍പ്പിച്ചത്. 94 ഭവനങ്ങള്‍, 199 ജലവിഭവ പദ്ധതികള്‍, എട്ട് സാമൂഹ്യ കുടിവെള്ള പദ്ധതികള്‍, 1458 ശൈത്യകാല ഉപകരണങ്ങള്‍, 2000 ശൈത്യകാല വസ്ത്രങ്ങള്‍ എന്നിവയും ഈ മൂന്ന് മാസങ്ങളിലായി ജനങ്ങള്‍ക്ക് നല്‍കി. അനാഥാലയം, ക്യാന്റീന്‍, കള്‍ച്ചറല്‍ സെന്റര്‍ പദ്ധതികളും ഈ കാലയളവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
സാമൂഹ്യപരമായും തൊഴില്‍പരമായും പിന്നോക്കം നില്‍ക്കുന്ന ഗ്രാമങ്ങളിലാണ് പ്രധാനമായും പദ്ധതികള്‍ നടപ്പിലാക്കിയത്. അര്‍ഹരായവരെ പ്രത്യേകം തെരഞ്ഞെടുത്തതും ഓരോ നാടിന്റെയും ആവശ്യങ്ങള്‍ മനസ്സിലാക്കിയുമാണ് മര്‍കസ് വളണ്ടിയര്‍മാര്‍ ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നത്. വ്യക്തിത്വ പദ്ധതികളെക്കാള്‍ ഒരുപാട് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന സാമൂഹ്യ പദ്ധതികളാണ് നടപ്പിലാക്കിയവയിലേറെയും. സമര്‍പ്പണ ചടങ്ങില്‍ സി. യൂസുഫ് ഹൈദര്‍, ശമീം കെ.കെ, അക്ബര്‍ ബാദുശ സഖാഫി, ആശിഖ് സഖാഫി, സ്വാദിഖ് നൂറാനി സംബന്ധിച്ചു.