ദുരിതാശ്വാസഫണ്ട് തട്ടിപ്പ്: അപേക്ഷ തള്ളിയ അക്കൗണ്ടില്‍ എത്തിയത് നാല് ലക്ഷം രൂപ, വിജിലന്‍സ് പരിശോധന തുടരും

ദുരിതാശ്വാസഫണ്ട് തട്ടിപ്പ്: അപേക്ഷ തള്ളിയ അക്കൗണ്ടില്‍ എത്തിയത് നാല് ലക്ഷം രൂപ, വിജിലന്‍സ് പരിശോധന തുടരും

തിരുവനന്തപുരം: ദുരിതാശ്വാസഫണ്ട് തട്ടിപ്പില്‍ വിജിലന്‍സ് ഇന്നും പരിശോധന തുടരും. അര്‍ഹതയില്ലാത്തതിന്റെ പേരില്‍ അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്ക് പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയതായി വിജിലന്‍സ് കണ്ടെത്തി.

കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ ഡി.എം.ഡി.ആര്‍.എഫിന്റെ ഭാഗമായി കൊല്ലം കലക്ടറേറ്റില്‍ നടത്തിയ പരിശോധനയില്‍ 2020ല്‍ നല്‍കിയ അപേക്ഷയില്‍ വീടിന്റെ അറ്റകുറ്റപ്പണിക്കായി കൊല്ലം ശാസ്താംകോട്ട കാരാളിമുക്ക് സ്വദേശിക്ക് നാലു ലക്ഷം രൂപ അനുവദിച്ചതായി കണ്ടെത്തി. അപേക്ഷയില്‍ സംശയം തോന്നിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തി. വീടിന്റെ കേടുപാട് പരിഹരിച്ചില്ലെന്ന് കണ്ടെത്തി.

തിരിച്ചയച്ച അപേക്ഷകന് എങ്ങനെ ദുരിതാശ്വാസം കിട്ടിയെന്നതിലാണ് ദുരൂഹത. ഇടനിലക്കാരുടെ ഇടപെടലാണ് പിന്നിലെന്നാണ് സംശയം. അതേസമയം ഫണ്ട് തട്ടിപ്പില്‍ വിശദമായ അന്വേഷണം തുടരാനും ചികിത്സാസഹായത്തിനായി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍മാരെ ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. 2020ല്‍ വില്ലേജ് ഓഫിസില്‍ പോയി അപേക്ഷ നല്‍കിയെങ്കിലും അര്‍ഹനല്ലെന്ന് അറിയിച്ച് തിരിച്ചയച്ചെന്നാണ് വീട്ടുടമയുടെ മൊഴി. പക്ഷേ ഇയാളുടെ ബാക്ക് അക്കൗണ്ടില്‍ നാല് ലക്ഷം രൂപ എത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചു.

വീട്ടുടമയുടെ മൊഴിയിലെ വിശ്വാസ്യത മുതല്‍ വ്യാജ രേഖ ഉണ്ടാക്കി പണം തട്ടാനുള്ള സാധ്യത വരെ എല്ലാം അന്വേഷിക്കാനാണ് വിജിലന്‍സ് തീരുമാനം. വലിയ തുകയായതിനാല്‍ അപേക്ഷ തീര്‍പ്പാക്കേണ്ടത് സര്‍ക്കാരാണ്. ആരുടെ അപേക്ഷ എങ്ങനെ പരിഗണിച്ചു തുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ച് നടപടി എടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതിനിടെ ദുരിതാശ്വാസ തട്ടിപ്പിന്റെ ഇടനിലക്കാരെന്ന് സംശയിക്കുന്ന പലരും വിജിലന്‍സ് പിടിമുറുക്കിയതോടെ മുങ്ങിയിട്ടുണ്ട്. സമഗ്ര അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.

Share

Leave a Reply

Your email address will not be published. Required fields are marked *