തലശ്ശേരി:സ്വാതന്ത്ര്യ സമരത്തിലും മനുഷ്യന്റെ മോചന പോരാട്ടത്തിലും വീറോടെ നിന്ന ജനതക്ക് ആയോധനകലയുടെ ചൂരും ചുണയുമാണ് പിന്‍ബലമേകിയതെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അഭിപ്രായപ്പെട്ടു. ഗ്രാമീണ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് പൊന്ന്യം. മനുഷ്യരെ ഒന്നിപ്പിക്കാന്‍ കലകള്‍ക്ക് സാധിക്കുമെന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ഏഴരക്കണ്ടത്തില്‍ നടക്കുന്ന സപ്തദിന പൊന്ന്യത്തങ്കം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പി.ഹരീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ വിശിഷ്ടാതിഥിയായിരുന്നു. അഡ്വ.പ്രദിപ് പാണ്ടനാട്, സനില പി.രാജ്, ജസിത, കെ.വി പവിത്രന്‍, കെ.നൂറുദ്ദീന്‍, ജയകുമാര്‍ സംസാരിച്ചു. എ.വി അജയകുമാര്‍ സ്വാഗതവും സുഗിഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് തിരുവാതിര കോല്‍ക്കളി എന്നിവ അരങ്ങേറി. പൂവാട്ടുപറമ്പ് സ്വതന്ത്ര കളരി, കടത്തനാട് കെ.പി.സി.ജി.എം കളരി എന്നിവയുടെ കളരിപ്പയറ്റ് അഭ്യാസമുറകള്‍ അങ്കത്തട്ടിനെ കിടിലം കൊള്ളിച്ചു. തുടര്‍ന്ന് സി.ജെ.കുട്ടപ്പന്റെ നാടന്‍ പാട്ടുകളുടെ അവതരണവുമുണ്ടായി.