കോഴിക്കോട്: നാഷണല്‍ ഹോസ്പിറ്റലില്‍ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സംഭവത്തില്‍ േേഡാക്ടര്‍ പി. ബെഹിര്‍ ഷാന് പിഴവ് പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് അഡീഷണല്‍ ഡി.എം.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം ആവശ്യമാണെന്ന് എ.ഡി.എം.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദഗ്ധ വൈദ്യസംഘം കൂടുതല്‍ പരിശോധന നടത്തും.
വാതിലിന് ഇടയില്‍പ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരുക്കു പറ്റിയാണ് കക്കോടി സ്വദേശി സജ്‌ന ചികിത്സ തേടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാഷണല്‍ ആശുപത്രിയിലെ പി. ബഹിര്‍ഷാനാണ് സജ്‌നയെ ചികിത്സിക്കുന്നത്. ശസ്ത്രക്രിയ നടത്തിയാല്‍ പരുക്ക് ഭേദമാകുമെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സജ്‌ന ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.
തിങ്കളാഴ്ച ആശുപത്രി അധികൃതരെ ഉള്‍െപ്പടെ വിളിച്ചുവരുത്തി തെളിവെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. അശ്രദ്ധമായ ചികിത്സയ്ക്ക് നിസാര വകുപ്പ് ചുമത്തിയാണ് ഡോ. ബെഹിര്‍ഷാനെതിരേ നടക്കാവ് പോലിസ് ഇന്നലെ കേസെടുത്തത്. തുടര്‍ അന്വേഷണത്തില്‍ മാത്രമാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുക. അഡീഷണല്‍ ഡി.എം.ഒയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചികിത്സാ പിഴവ് ശരിവയ്ക്കുന്ന സാഹചര്യത്തില്‍ പോലിസ് വിഷയത്തില്‍ കൂടുതല്‍ ഗുരുതരമായ വകുപ്പ് ചുമത്തേണ്ടി വരും.
നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി കൂടിയാണ് ഡോ. പി. ബെഹിര്‍ഷാന്‍. പരാതി വന്ന ദിവസം ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയുടെ ദൃശ്യങ്ങളില്‍ ബഹിര്‍ഷാന് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ടെന്ന് ശസ്ത്രക്രിയക്ക് വിധേയയായ സജ്‌നയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഡോക്ടറുടെ പിഴവ് മറയ്ക്കാന്‍ ചികിത്സാ രേഖകളെല്ലാം ആശുപത്രി മാനേജ്‌മെന്റ് തിരുത്തിയെന്ന പരാതിയും കുടുംബം ആവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ സര്‍ജറിയില്‍ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് സജ്‌ന നിര്‍ബന്ധിത വിടുതല്‍ വാങ്ങി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്.