കൊച്ചി: ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും. ഇതിനായി രവീന്ദ്രന് ഇഡി സമന്‍സ് അയച്ചു. കൊച്ചി ഓഫിസില്‍ തിങ്കളാഴ്ച ഇഡിക്ക് മുന്‍പില്‍ ഹാജരാകാനായാണ് സമന്‍സ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വപ്ന സുരേഷിനെയും ശിവശങ്കരനെയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സി.എം രവീന്ദ്രനെയും ഇഡി ചോദ്യം ചെയ്യുന്നത്. രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു. നേരത്തെ സി.എം രവീന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു.
2020ല്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ സി.എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് സി.എം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്നും പ്രതിപക്ഷമടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്റെ കണക്കുകളില്‍ ഇഡി സംശയം പ്രകടിപ്പിച്ചിരുന്നു.കൊവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങള്‍ നിരത്തി തുടക്കത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന സി.എം രവീന്ദ്രന്‍ പിന്നീട് ഇഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു. തുടര്‍ച്ചയായി 13 മണിക്കൂറോളമാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ മുള്‍മുനയിലാക്കിയിരുന്നു.