തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സഹായനിധി തട്ടിപ്പുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായ ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടതെന്ന് പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പില്‍ പരിശോധന വ്യാപകമാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദശം നല്‍കി. ഇന്നലെ കലക്ടറേറ്റുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാനാണ് നിര്‍ദ്ദേശം. ഓരോ വ്യക്തിയും നല്‍കിയിട്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടിവരും. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയോടെ പണം തട്ടിയെടുക്കുന്നുവെന്നാണ് കണ്ടെത്തിയത്.