ചാലക്കര പുരുഷു
തലശ്ശേരി: ഏഴരക്കണ്ടത്തിന്റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ദൃശ്യ വിരുന്നൊരുക്കി ചുണ്ടങ്ങാപൊയിലിലെ റിട്ട.പോലിസ് സബ് ഇന്‍സ്പക്ടര്‍ കെ.കെ സുരേഷ് ബാബു. ‘പൊന്ന്യത്തങ്ക’ ത്തിന് കൊടിയേറിയ പൊന്ന്യം ഏഴരക്കണ്ടത്തില്‍ ഒരുക്കിയ ഗതകാല കേരളീയ ഗ്രാമീണ ദൃശ്യം ആയിരങ്ങളെയാണ് ആകര്‍ഷിക്കുന്നത്. പ്രമുഖ ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്റേയും, ചിത്രകലാ അധ്യാപകന്‍ കെ.കെ സനില്‍കുമാറിന്റേയും സഹോദരനാണ് സുരേഷ് ബാബു. ഇദ്ദേഹത്തോടൊപ്പം അതി മനോഹരമായ ഈ ലാന്റ്‌സ്‌കേപ്പ് ഒരുക്കാന്‍ മിത്രന്‍ പുത്തലത്ത്, ടി.മനോജ് കുമാര്‍, കെ.കെ സജീവന്‍, എം.മൃദുല്‍ എന്നിവരും സഹായികളായി. വയലിനോട് ചേര്‍ന്നുള്ള പുല്ല് മേഞ്ഞ മണ്‍കൂരയും, വയലില്‍ തളം കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ ഞാറ് നടുന്ന കര്‍ഷക സ്ത്രീയും, വരമ്പത്ത് വെച്ച കരിപുരണ്ട കഞ്ഞി കുടുക്കയും, കണ്ണ് കൊള്ളാതിരിക്കാനുള്ള നോക്കുകുത്തിയുമെല്ലാം ദൃശ്യവല്‍ക്കരിച്ചത് പോയ തലമുറക്ക് ഓര്‍മ്മ പുതുക്കലും, പുതുതലമുറക്ക് കൗതുകവുമായി. ഏഴരക്കണ്ടത്ത് നടക്കുന്ന അങ്കം കാണാനെത്തുന്ന വിദൂര ദേശങ്ങളില്‍ നിന്നടക്കമുള്ള ആയിരങ്ങള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ഗ്രാമീണ കാഴ്ചയുടെ സര്‍ഗാവിഷ്‌ക്കാരത്തിന് മുന്നില്‍ ഏറെ നേരം കാഴ്ചക്കാരായി നില്‍ക്കുകയാണ്. വയലില്‍ ഞാറു നടുന്ന സ്ത്രീയുടെ ശില്‍പ്പവും പുല്ല് മേഞ്ഞ കുടിലും പ്രഥമ കാഴ്ചയില്‍ത്തന്നെ ആസ്വാദകരെ പിടിച്ചുനിര്‍ത്തുകയാണ്. വയലുകളിലെ പഴയ കാലത്തെ നിത്യ കാഴ്ചയായ കണ്ണേറ് കോലവും കഞ്ഞി കരുതിവെച്ച മണ്‍പാത്രവും ചാണകം മെഴുകിയ കുടിലിന്റെ പശ്ചാത്തല ബിംബങ്ങളും ഏറെ ശ്രദ്ധേയമാക്കുന്നു. ‘പൊന്ന്യത്തങ്ക’ത്തിന് പുറമെ പല സാംസ്‌കാരിക പരിപാടികള്‍ക്കും സുരേഷ് ബാബു വൈവിധ്യമാര്‍ന്ന ഇത്തരം കാഴ്ച്ചാവിരുന്ന് ഒരുക്കിയിട്ടുണ്ട് .