തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല വി.സി സ്ഥാനത്തേക്കുള്ള നിയമനത്തില്‍ അപ്പീല്‍ സാധ്യത തേടി രാജ്ഭവന്‍. സര്‍ക്കാരിന് പാനല്‍ നല്‍കാമെന്ന ഹൈക്കോടതി വിധി കെ.ടി.യു ചട്ടത്തിന് വിരുദ്ധമാണ് എന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. മുന്‍ കെ.ടി.യു വി.സി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയില്‍ സര്‍ക്കാര്‍ നിയമനത്തില്‍ ഇടപെടരുത് എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്ഭവന്‍ അറിയിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം.
ഇന്നലെയാണ് സര്‍ക്കാര്‍ വി.സി നിയമനത്തിന് മൂന്നംഗ പാനല്‍ നല്‍കിയത്. നിയമനത്തിന് സര്‍ക്കാരിന് പാനല്‍ നല്‍കാം എന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചായിരുന്നു നടപടി. നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും പാനലില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുക. നേരത്തെ സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ തള്ളിയാണ് ഗവര്‍ണര്‍ സിസ തോമസിനെ നിയമിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. വൃന്ദ വി. നായര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ബൈജു ഭായ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ. സതീഷ് കുമാര്‍ എന്നിവരുടെ പേര് അടങ്ങിയ പാനല്‍ ആണ് നല്‍കിയത്. നിയമനം വൈകിച്ചാല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് വീണ്ടും കടുക്കാന്‍ സാധ്യത ഉണ്ട്.
ഹൈക്കോടതി വിധി സര്‍ക്കാര്‍ നിലപാട് ശരിവെക്കുന്നതാണ്. നാളെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നും സ്‌നേഹാദരങ്ങളോടെയുള്ള സമീപനമാണ് സര്‍ക്കാരിന് ഗവര്‍ണറോടുള്ളതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. സര്‍വകലാശാല ബില്‍ അടക്കം കൂടിക്കാഴ്ചയില്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.