തലക്കുളത്തൂര്‍: ലിഖിതഭാഷകളുടെ ഉറവിടം വാമൊഴിഭാഷാ സംസ്‌കാരമാണെന്ന് പ്രമുഖ ഫോക്ലോറിസ്റ്റും കവിയും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പ്രസ്താവിച്ചു. തലക്കുളത്തൂര്‍ ഗവ.മാപ്പിള എല്‍.പി സ്‌കൂള്‍ സംഘടിപ്പിച്ച ലോക മാതൃഭാഷാദിനാചരണവും ‘ഇല കാവ്യലോകവും’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടുകവിതകളുടേയും നവഗാനശാഖകളുടെയും ആദിപ്രരൂപങ്ങളാണ് നാടോടി സംഗീത സാഹിത്യം. പ്രാദേശിക സംസ്‌കാരത്തിലൂന്നിയ മാതൃഭാഷാപഠനത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു. പാട്ടുകവിതകളും പുതുകവിതകളും നാടന്‍പാട്ടുകളും കോര്‍ത്തിണക്കിയ പരിപാടി വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. പ്രധാനാധ്യാപിക നിഷ എസ്.വി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ സലിം.ടി, ജനാര്‍ദ്ദനന്‍.വി, സവിത.പി, അമല്‍. എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എസ്.ആര്‍.ജി റിനീഷ് എന്‍.എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മനോജന്‍ വി.എം നന്ദിയും പറഞ്ഞു.