പൊന്ന്യത്ത് കളരിവിളക്ക് വീണ്ടും തെളിഞ്ഞു

പൊന്ന്യത്ത് കളരിവിളക്ക് വീണ്ടും തെളിഞ്ഞു

ചാലക്കര പുരുഷു

തലശ്ശേരി: വാമൊഴിയായി തലമുറകള്‍ കൈമാറി വന്ന വീരേതിഹാസ കഥകളിലെ നായകരായ തച്ചോളി ഒതേനന്റേയും, കതിരൂര്‍ ഗുരിക്കളുടേയും ചോര കിനിയുന്ന ഓര്‍മ്മകള്‍ പൊന്ന്യത്തങ്കക്കളരിയില്‍ അലയടിച്ചു. വാള്‍ക്കണയിലെ ചോരയാല്‍ കണക്കുകള്‍ തിര്‍ത്ത കടത്തനാടിന്റെ വീരഗാഥകള്‍ വയലേലകളിലും, വിവാഹത്തലേന്നും പാടിയും കേട്ടും വളര്‍ന്നവരാണ് പൊന്ന്യത്തെ തലമുറകള്‍ ‘ ചോര പുരണ്ട കടത്തനാടിന്റെ മണ്ണില്‍ ഇതിഹാസ സമാനമായി ജീവിച്ച പടക്കുറുപ്പ് തച്ചോളി ഒതേനനും, കൈക്കരുത്ത് മെയ്ക്കരുത്തായി പകര്‍ന്നാടിയ കതിരൂര്‍ ഗുരിക്കളും കാലത്തിന്റെ ഇരുട്ടു പിടിച്ച നിലവറകളിലെവിടെയോ മാഞ്ഞെങ്കിലും ഏഴരക്കണ്ടത്തിനും, പൊന്ന്യത്തുകാര്‍ക്കും അവരെ മറക്കാനാവില്ല. ഇരുവരുടേയും വീരമൃത്യുവിന് സാക്ഷ്യം വഹിച്ച ഏഴരക്കണ്ടത്ത് നൂറ്റാണ്ടുകള്‍ക്കപ്പുറം കുംഭം ഒന്‍പതിന് കളരിവിളക്ക് തെളിഞ്ഞു. പുതു തലമുറയിലെ കൊല്ലം മരുതി കളരി സംഘവും, കണ്ണൂര്‍ ദുല്‍ഫുഖര്‍ കളരിയുമാണ് കന്നിയങ്കം കുറിച്ചത്. കെ.പി കാദര്‍ ഹാജി ഗുരുക്കളുടെ ശിഷ്യരുടെ പയറ്റിത്തെളിഞ്ഞ അഭ്യാസ ബലവും. കൈക്കരുത്തും മെയ് വഴക്കവുമെല്ലാം കാണികളെ ഉദ്വേഗത്തിന്റെ വാള്‍മുനയില്‍ ഏറെ നേരം നിര്‍ത്തി. എതിര്‍ പക്ഷത്തിന്റെ ഓരോ നീക്കത്തേയും സസൂക്ഷ്മം വീക്ഷിച്ച് മുന്നേറിയ ഇവര്‍ വജ്‌റാംഗിയില്‍ വീശിത്തിരിഞ്ഞ് കറങ്ങിയുയര്‍ന്ന് നിലംപറ്റെ അമര്‍ന്ന് നിവരുമ്പോഴേക്കും അങ്കത്തട്ടിന് ചുറ്റിലും ആകാംക്ഷയോടെ നിലയുറപ്പിച്ച ആയിരങ്ങള്‍ ആരവങ്ങളുയര്‍ത്തി. കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് അവര്‍ ഓതിരവും കടകവും വെട്ടിക്കയറിയത്. ജാബിറിന്റേയും കോയയുടേയും ഉറുമിയുടെ സീല്‍ക്കാരത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ ഹുങ്കാരം പോലെ ആവേശകൊടുങ്കാറ്റ് ആഞ്ഞ് വീശുകയയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *