തലശ്ശേരി: ഭാര്യയും മക്കളും ജന്മനാടായ ബീഹാറിലാണുള്ളതെങ്കിലും മലയാളക്കരയില്‍ ജെ.സി.ബിയുടെ ഓപ്പറേറ്ററായി ജോലി ചെയ്യുമ്പോഴും ഈ ഉത്തരേന്ത്യന്‍ യുവാവിന് തനിക്കേറ്റവും പ്രിയതരമായ ‘കദു ‘ എന്ന പച്ചക്കറിയെ വിട്ടു നില്‍ക്കാനാവുന്നില്ല. കോപ്പാലം ചവക്ക മുക്കിലെ മുക്കം മെറ്റല്‍സ് എന്ന സ്ഥാപനത്തിലെ ജെ.സി.ബി ഓപ്പറേറ്ററായ ബീഹാര്‍ കടിയാര്‍ ജില്ലയിലെ തുഫാനി കുമാര്‍ റായി (28) ആണ് കദു എന്ന് ബീഹാറില്‍ അറിയപ്പെടുന്ന പച്ചക്കറി നട്ടു വളര്‍ത്തിയത്. തുഫാനി തന്റെ ജോലി കഴിഞ്ഞാല്‍ കൃഷിയിലേക്കിറങ്ങും. മക്കളെ പോലെ പച്ചക്കറി തോട്ടത്തിലെ ചെടികളെനട്ട് നനച്ച് വളര്‍ത്തും അവയോട് സല്ലപിക്കും. ഓഫിസിനോട് ചേര്‍ന്നുള്ള മുറിയിലാണ് താമസം. തൊട്ടു താഴെ പൊന്ന്യം പുഴയില്‍ സുലഭമായി വെള്ളം കിട്ടും, സ്ഥാപനത്തിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്താണ്, ഇന്നാട്ടില്‍ പരിചിതമല്ലാത്ത ബീഹാറി പച്ചക്കറി ‘കദു’ ഇപ്പോള്‍ വിളഞ്ഞ് നില്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം തുഫാനി നാട്ടില്‍ പോയി തിരിച്ചു വന്നത് കദു കായയുടെ വിത്തുമായാണ്. 10 രൂപയ്ക്ക് നാല് വിത്താണ് വാങ്ങി വന്നത്. കഴിഞ്ഞ നവംബറില്‍ വിത്ത് പാകി ചെടികള്‍ക്ക് പടരുവാന്‍ 10 അടി ഉയരത്തില്‍ മുള ഉപയോഗിച്ച് പന്തലൊരുക്കി. സ്ഥാപനത്തിന്റെ ഉടമ മനു ചമ്പാട് ആവശ്യമായ ജൈവവളവും എത്തിച്ച് കൊടുത്തു. കഴിഞ്ഞ മാസം മുതല്‍ അഞ്ച് കിലോ ഭാരമുള്ള കായ്കളുടെ വിളവെടുപ്പ് തുടങ്ങി ബീഹാറില്‍ ഈ കായകള്‍ക്ക് കിലോക്ക് മാര്‍ക്കറ്റില്‍ 25 രൂപ വില വരുമെന്ന് തുഫാനി പറഞ്ഞു. ഇവിടുത്തെ പടവലങ്ങയുടെ രുചിയാണിതിന്. ഓലന്‍, വറവ് എന്നിവയും പരിപ്പ് ചേര്‍ത്ത് കറിയും വയ്ക്കാം. ഈ കര്‍ഷകന്‍ പരിസര വാസികള്‍ക്കും സ്ഥാപനത്തില്‍ പൂഴി വാങ്ങാന്‍ വരുന്നവര്‍ക്കുമെല്ലാം സൗജന്യമായാണ് ഈ പച്ചക്കറി നല്‍കിയത്. നൂറോളം കായകള്‍ വിളവെടുത്തു കഴിഞ്ഞു. പത്ത് കിലോ ഭാരമുള്ള രണ്ട് കായകള്‍ പറിക്കാതെ വിത്തിന് വച്ചിരിക്കുകയാണ്. ഒരു മാസം കൊണ്ട് കായകള്‍ വിളവെടുപ്പിന് പാകമാകും ഇത് കൂടാതെ വെണ്ടയ്ക്കയും, ചീരയും ഈ വളപ്പില്‍ തുഫാനി കൃഷി ചെയ്യുന്നുണ്ട്. നാട്ടിലെ കൃഷിക്കാരനായ തന്റെ അച്ഛനില്‍ നിന്നാണ് കൃഷിയുടെ ബാലപാഠം പഠിച്ചതെന്ന് തുഫാനി പറയുന്നു.