കേന്ദ്രമന്ത്രി വി.മുരളീധരന്‍ 24ന് എന്‍.ഐ.ടിയില്‍

കേന്ദ്രമന്ത്രി വി.മുരളീധരന്‍ 24ന് എന്‍.ഐ.ടിയില്‍

കോഴിക്കോട്: കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ 24ന് പത്തരയ്ക്ക് കോഴിക്കോട് എന്‍.ഐ.ടി സന്ദര്‍ശിക്കുന്നു. അക്കാദമിക മേഖലയിലെ സഹകരണത്തിനായി എന്‍.ഐ.ടിയും മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും (മാഗ്‌കോം) തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ അദ്ദേഹം മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് കേന്ദ്രമന്ത്രി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് സ്‌കോളേഴ്‌സ് ഓഫിസിന്റെ (ഐ.എസ്.എസ്.ഒ.) ഉദ്ഘാടനം നിര്‍വഹിക്കും. സെന്റര്‍ ഫോര്‍ വിമന്‍ വെല്‍ഫെയര്‍ ആന്‍ഡ് സോഷ്യല്‍ എംപവര്‍മെന്റിനെയും (സി.ഡബ്ല്യു.എസ്.ഇ) സ്‌കില്‍ ഹബിന്റെയും ബ്രോഷര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും. എന്‍.ഐ.ടി ഡയറക്ടര്‍ പ്രഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിക്കും. പി.ടി.എ റഹീം എം.എല്‍.എ, എന്‍.ഐ.ടി.സി രജിസ്ട്രാര്‍ ഡോ. ഷാമസുന്ദര എം.എസ്, മാഗ്‌കോം മെന്റര്‍ ഡോ. എന്‍.ആര്‍ മധു, എന്‍.ഐ.ടി.സി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. സതീദേവി പി.എസ്, സി.ഡബ്ല്യു.എസ്.ഇ അധ്യക്ഷ ഡോ. സുനി വാസുദേവന്‍, ഐ.എസ്.എസ്.ഒ കോ-ഓഡിനേറ്റര്‍ പ്രഫ. എം.കെ രവിവര്‍മ, സ്‌കില്‍ ഹബ് കോ-ഓഡിനേറ്റര്‍ ഡോ. അമിത് കുമാര്‍ സിങ്, മാഗ്‌കോം ഡയറക്ടര്‍ എ.കെ അനുരാജ് എന്നിവര്‍ പ്രസംഗിക്കും.

മാസ് കമ്മ്യൂണിക്കേഷന്‍ കോളേജായ ‘മാഗ്‌കോം’ നേരത്തേ അക്കാദമിക സഹകരണത്തിനായി ജെ.എന്‍.യുവുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ടെക്‌നിക്കല്‍ റൈറ്റിങ്, കണ്ടന്റ് റൈറ്റിങ്, മീഡിയ ടെക്‌നോളജി, ഇന്റര്‍നാഷണല്‍ സ്റ്റഡീസ് തുടങ്ങിയ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഉള്‍പ്പെട്ടതാണ് എന്‍.ഐ.ടി-മാഗ്‌കോം ധാരണാപത്രം. മാധ്യമ മേഖലയിലും എന്‍ജിനീയറിങ് മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരു സ്ഥാപനങ്ങളും യോജിച്ചുപ്രവര്‍ത്തിക്കുക വഴി സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് മാഗ്‌കോം ഡയറക്ടര്‍ എ.കെ അനുരാജ് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഐ.എസ്.എസ്.ഒ പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. എം.കെ രവിവര്‍മ വ്യക്തമാക്കി. ഇന്ത്യയെ ഉന്നത പഠനത്തിനുള്ള ആഗോള കേന്ദ്രമായി വളര്‍ത്തുകയാണു പ്രധാന ലക്ഷ്യം. ഐ.എസ്.എസ്.ഒയുടെ ഉദ്ഘാടനത്തിനൊപ്പം സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനവും മന്ത്രി വി.മുരളീധരന്‍ നിര്‍വഹിക്കും.

വനിതകളില്‍ നേതൃപാടവവും ആശയവിനിമയ ശേഷിയും സംരംഭകത്വവും വര്‍ധിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് സെന്റര്‍ ഫോര്‍ വിമന്‍ വെല്‍ഫെയര്‍ ആന്‍ഡ് സോഷ്യല്‍ എംപവര്‍മെന്റ്. കേന്ദ്രം ശില്‍പശാലകളും പരിശീലന പദ്ധതികളും സംഘടിപ്പിക്കുകയും വിവിധ മേഖലകളുമായി ബന്ധപ്പെട്ടു മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും. ഡോ. സുനി വാസുദേവനാണു സി.ഡബ്ല്യു.എസ്.ഇ. അധ്യക്ഷ.

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന വഴി മൂന്നു വര്‍ഷത്തിനകം ഒന്നര കോടി പേര്‍ക്ക് നൈപുണ്യവികസനത്തിനുള്ള ഹ്രസ്വകാല പരിശീലനം നല്‍കാന്‍ ലക്ഷ്യംവയ്ക്കുന്നു. പി.എം ഗതിശക്തി, വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രോഡക്ട് തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ക്ക് അനുയോജ്യമാംവിധം നൈപുണ്യ പരിശീലനം നല്‍കാനായിരിക്കും സ്‌കില്‍ ഹബിന്റെ ശ്രമം. നിര്‍മിതബുദ്ധി, ബ്ലോക് ചെയ്ന്‍, 3ഡി പ്രിന്റിങ്, ഡ്രോണ്‍ തുടങ്ങിയ മേഖലകള്‍ക്ക് ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കുമെന്ന് കോ-ഓഡിനേറ്റര്‍ അമിത് കുമാര്‍ സിങ് വെളിപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *