തലശ്ശേരി: കളരി ചരിത്രവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകര്‍ന്നേകാന്‍ ഏഴരക്കണ്ടത്ത് കളരി അക്കാദമിയും മ്യൂസിയവും ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും ഇതിലേക്കായി കഴിഞ്ഞ ബഡ്ജറ്റില്‍ എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്ന്യത്തങ്കത്തിന് തിരി തെളിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കതിരൂര്‍ പഞ്ചായത്തിന്റെ മുന്‍ കൈയ്യോടെ ജനകീയ പങ്കാളിത്തത്തോടെ സ്ഥലമെടുപ്പിനുള്ള പണം സ്വരൂപിക്കും. നിലവില്‍ ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട കേരളത്തെ ടൂറിസം സ്റ്റേറ്റാക്കി മാറ്റും. ഇതിന്റെ ഭാഗമായാണ് രാജ്യാന്തര പ്രതിഭകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഡിസൈന്‍ ശില്‍പ്പശാല നടത്തിയത്. ആയോധന കലകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഇതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ഈ മേഖല മാറ്റപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ഏഴരക്കണ്ടം എന്ന വാക്ക് ലോക ടൂറിസ്റ്റുകളുടെ മനസ്സുകളില്‍ അടയാളപ്പെടുത്തും വിധം ഈ അങ്കത്തട്ടിനെ മാറ്റിയെടുക്കുമെന്നും പൈതൃക ടൂറിസത്തിന്റെ പുനരുജ്ജീവനവും വ്യാപനവും ത്വരിതഗതിയില്‍ നടന്നുവരികയാണെന്നും വിശിഷ്ടാതിഥിയായ സ്പീക്കര്‍ അഡ്വ.എ.എന്‍.ഷംസീര്‍ പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെ എങ്ങിനെ ബൃഹത്തായ പദ്ധതികള്‍ തലശ്ശേരി മണ്ഡലത്തില്‍ സ്ഥാപിക്കാമെന്ന് തെളിയിച്ച കോടിയേരി ബാലകൃഷ്ണന്റെ വീക്ഷണം ഇക്കാര്യത്തില്‍ പ്രചോദനമേകുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.വി.സുമേഷ് എം.എല്‍.എ മുഖ്യാതിഥിയായി. പത്മശ്രീ എസ്.ആര്‍.ഡി പ്രസാദ് ഗുരുക്കളെ ആദരിച്ചു. അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍ പരിചയപ്പെടുത്തി.
കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സനല്‍, ഇ. വിജയന്‍ മാസ്റ്റര്‍, എം.സി പവിത്രന്‍, സി.കെ രമേശന്‍, അഡ്വ. സി.ടി സജിത്ത്, എ.വാസു, എ.കെ ഷിജു, ലജിഷ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എന്‍.പി.വിനോദ് കുമാര്‍ സ്വാഗതവും, പ്രോഗ്രാം ഓഫീസര്‍ പി.വി ലാവ്‌ലിന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കളരിപ്പയറ്റ്, തച്ചോളിക്കളി, രാജസൂയം കോല്‍ക്കളി, വയലിബാംബു മ്യൂസിക്കല്‍ ബാന്റ് എന്നിവ അരങ്ങേറി. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് തച്ചോളി ഒതേനന്‍-കതിരുര്‍ഗുരിക്കള്‍ അനുസ്മരണ ചടങ്ങ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ അഡ്വ.എ.എന്‍.ഷംസീര്‍ വിശിഷ്ടാതിഥിയായിരിക്കും. കതിരൂര്‍ ഗുരുകൃപാ കളരി, ആറ്റുകാല്‍ കെ.കെ.എന്‍ കളരി എന്നിവയുടെ പയറ്റും, വനിതകളുടെ ദഫ് മുട്ടും അരങ്ങേറും.