വൈഗ 2023: ആദ്യ ഡി.പി.ആര്‍ ക്ലിനിക് സമാപിച്ചു

വൈഗ 2023: ആദ്യ ഡി.പി.ആര്‍ ക്ലിനിക് സമാപിച്ചു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 25 മുതല്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്നവൈഗ 2023നോട് അനുബന്ധിച്ച് തിരുവനന്തപുരം സമേതിയില്‍ സംഘടിപ്പിച്ച ആദ്യഡി.പി.ആര്‍ ക്ലിനിക്ക് ‘വഴികാട്ടി’ സമാപിച്ചു. 45 സംരംഭകരുടെ ഭാവി സംരംഭങ്ങള്‍ക്ക് അനുയോജ്യമായ 50 വിശദമായ പദ്ധതിരേഖകള്‍ വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കി വൈഗവേദിയില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് സംരംഭകര്‍ക്ക് നല്‍കും. കാര്‍ഷികമേഖലയിലെ സംരംഭകത്വവികസനത്തിന് മുതല്‍ക്കൂട്ടാകുവാന്‍ ആരംഭിച്ച ഡി.പി.ആര്‍ ക്ലിനിക്കുകള്‍ തുടര്‍ന്നും രണ്ട്മാസഇടവേളകളില്‍ സംഘടിപ്പിക്കും.

കാര്‍ഷികമൂല്യവര്‍ദ്ധനശൃംഖലയുടെ വികസനം എന്ന ആശയത്തില്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് വൈഗയുടെ ഭാഗമായി, കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സംഭരിക്കുവാനും മൂല്യവര്‍ദ്ധനവ് നടത്തുവാനും ഉദ്ദേശിക്കുന്ന സംരംഭകരെ കര്‍ഷകരുമായി ബന്ധിപ്പിക്കുവാന്‍ ബിസിനസ്സ് 2 ബിസിനസ്സ് (ബി2ബി) മീറ്റ് സംഘടിപ്പിക്കുന്നുണ്ട്.
കാര്‍ഷികമേഖലയിലെ പ്രധാനപ്രശ്‌നങ്ങള്‍ക്ക് സാങ്കേതികമായ പരിഹാരം കാണുന്നതിന് അഗ്രി-ഹാക്കത്തോണും വൈഗയോടനുബന്ധിച്ച് നടത്തുന്നു. വ്യത്യസ്ത പ്രശ്‌നങ്ങള്‍ക്ക് 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഹാക്കത്തോണ്‍ വേദിയില്‍വച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കും. നിലവില്‍ ലഭിച്ച അപേക്ഷകളുടെയും പരിഹാരമാര്‍ഗ്ഗങ്ങളുടെയും പ്രാഥമിക പരിശോധന വിദഗ്ധരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *