ബാലുശ്ശേരി: സോഷ്യലിസ്റ്റുകളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയും ആവശ്യവുമാണെന്ന് ലോക കേരള സഭാംഗവും ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ. കബീര്‍ സലാല. മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മൊറാര്‍ജി ദേശായിയുടേയും വി.പി.സിംഗിന്റേയും എച്ച്.ഡി ദേവഗൗഡയുടേയും നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ ഭരണം ഇന്ത്യന്‍ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. ദളിതര്‍, ആദിവാസികള്‍ , പിന്നോക്കവിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നീ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ അവര്‍ വഹിച്ചിട്ടുള്ള പങ്ക് രാജ്യം എക്കാലും സ്മരിക്കും. സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ സോഷ്യലിസ്റ്റ് ഭരണം രാജ്യത്ത് വീണ്ടും വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനതാദള്‍ (എസ്) ബാലുശ്ശേരി നിയോജക മണ്ഡലം പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ടി. കെ കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ഇ. അഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ശശി തയ്യുള്ളതില്‍, ചന്തുക്കുട്ടിമാസ്റ്റര്‍, ടി.ആര്‍ ശ്രീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പ്രമുഖ സോഷ്യലിസ്റ്റും, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഉചിതമായ സ്മാരകം പണിയണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.