വേള്‍ഡ് ഫൂട്ട് വോളിക്ക് 24ന് തുടക്കം

വേള്‍ഡ് ഫൂട്ട് വോളിക്ക് 24ന് തുടക്കം

ചാമ്പ്യന്‍ഷിപ്പിന് വിവിധ രാജ്യങ്ങളില്‍ നിന്നും 12 ടീം

 

കോഴിക്കോട്: ഫൂട്ട് വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേയും ഫൂട്ട് വോളി അസോസിയേഷന്‍ ഓഫ് കേരളയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 25ാമത് വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പിന് 24ന് തുടക്കമാകും. 26 വരെ ദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 10 മണി വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ബീച്ച് ലയണ്‍സ് പാര്‍ക്കിന് പിന്‍വശത്ത് വച്ച് നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നായി 12 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഇറാക്ക് , യു.എ.ഇ , ഫ്രാന്‍സ് , വിയറ്റ്‌നാം , റുമേനിയ , ബംഗ്ലാദേശ് , നേപ്പാള്‍ , ബെനിന്‍ , ഇന്ത്യ എന്നീരാജ്യങ്ങളില്‍ നിന്ന് 12 ടീമുകളാണ് മാറ്റുരയ്ക്കുക. വിവിധ രാജ്യങ്ങളിലെ അംഗങ്ങള്‍ 4 ഗ്രൂപ്പുകളായി തിരിച്ചായി മത്സരിക്കും. ആദ്യ ദിവസം ഇന്ത്യയും ഫ്രാന്‍സും ഏറ്റുമുട്ടും. കാല്‌കൊണ്ട് വോളി ബോള്‍ മത്സരം വിദേശ രാജ്യങ്ങളില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതെന്ന പ്രത്യേകതയുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ കളിക്കാന്‍ എത്തുന്നതിലൂടെ ടൂറിസം മേഖലയില്‍ പുത്തന്‍ ഉണര്‍വ് ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24ന് വൈകീട്ട് അഞ്ച് മണിക്ക് മേയര്‍ ഡോ.ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും. കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യതിഥിയാകും. വി. മോഹനന്‍ മാസ്റ്റര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജ ഗോപാല്‍ പങ്കെടുക്കും. ഫൂട്ട് വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് റാം അവതാര്‍ ദേശീയ ഫ്‌ളാഗ് ഓഫും മുഹമ്മദ് അബ്ദുല്‍ കരീം സംസ്ഥാന ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. ഒന്നു മുതല്‍ നാലാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 800 ഡോളര്‍ , 600 ഡോളര്‍ , 400 ഡോളര്‍ , 200 ഡോളര്‍ എന്നിവ സമ്മാനമായി നല്‍കും. 26ന് സമാപന സമ്മേളനം ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി സമ്മാനദാനം നിര്‍വഹിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സുബെര്‍ കൊളക്കാടന്‍, ട്രഷറര്‍ കെ.വി അബ്ദുള്‍ മജീദ്, ഓര്‍ഗനൈസിങ് സെക്രട്ടറി എ.കെ മുഹമ്മദ് അഷറഫ്, ഡയരക്ടര്‍ ആര്‍.ജയന്ത് കുമാര്‍ , വൈസ് പ്രസിഡന്റുമാരായ എം.മുജീബ് റഹ്‌മാന്‍ , വി.പി അബ്ദുള്‍ കരീം, ജോയിന്റ് സെക്രട്ടറി സി.പി.എ റഷീദ് എന്നിവര്‍ പങ്കെടുത്തു. മികച്ച കവറേജിനുളള പത്ര-ദൃശ്യ മാധ്യമ പുരസ്‌കാരവും ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു.

ഫിക്ച്ചര്‍

ഗ്രൂപ്പ് എ: ഇന്ത്യ-എ, ഫ്രാന്‍സ്, വിയറ്റനാം. ഗ്രൂപ്പ് ബി : റൂമാനിയ, നേപ്പാള്‍, ഇന്ത്യ-ബി. ഗ്രൂപ്പ് സി:യു.എ.ഇ,
ബംഗ്ലാദേശ്, ഇന്ത്യ-സി. ഗ്രൂപ്പ് ഡി: ഇറാഖ്, ഇന്ത്യ- ഡി, ബെനിന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *