ന്യൂമാഹി: മങ്ങാട് വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തില്‍ തിറമഹോത്സവം 22 മുതല്‍ 26 വരെ നടക്കും. 22ന് വൈകീട്ട് ആറ് മണിക്ക് സാംസ്‌കാരിക സായാഹ്നവും ആദരായനവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നേടിയ കവിയൂര്‍ രാജഗോപാലനേയും കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ വി.കെ ഭാസ്‌കരന്‍ മാസ്റ്ററേയും ചടങ്ങില്‍ ആദരിക്കും. ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത്, കവി സി.എച്ച് രാജന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. രാത്രി എട്ടിന് കാലിക്കറ്റ് വി ഫോര്‍ യു ഫെയിം ദേവരാജ് ദേവ് നയിക്കുന്ന ഉത്സവരാവ് നടക്കും. 23ന് നാഗപ്രതിഷ്ഠാദിനത്തില്‍ രാവിലെ ഒമ്പതിന് മാള പമ്പുമേക്കാട്ട്മന ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നൂറും പാലും സര്‍പ്പബലിയും നടക്കും. രാത്രി ഏഴിന് ഷീജ ശിവദാസിന്റെ നേതൃത്വത്തില്‍ നൃത്തരാവ്. ക്ലാസിക്കല്‍ ഡാന്‍സ് ഷോയില്‍ നിരവധി വിദ്യാര്‍ഥികള്‍ അരങ്ങേറ്റം കുറിക്കും.
24ന് വൈകീട്ട് അഞ്ച് മണിക്ക് കലവറനിറക്കല്‍, തായമ്പക, വെറ്റില കൈനീട്ടം എന്നിവ നടക്കും. രാത്രി എട്ടിന് ക്ഷേത്രം കാരണവര്‍ ചെറുവാഞ്ചേരി വി.കെ നാണു അടിയോടിയുടെ നേതൃത്വത്തില്‍ കൊടിയേറ്റം. തുടര്‍ന്ന് കെട്ടിക്കോലം. 25ന് വൈകീട്ട് മൂന്നിന് മങ്ങാട് പുതിയലത്തുനിന്നും തിരുവുടയാട എഴുന്നള്ളത്ത്,
നാലിന് മങ്ങാട് തുണ്ടിയില്‍നിന്നും തിരുവായുധം എഴുന്നള്ളത്ത് എന്നിവ നടക്കും. വൈകീട്ട് 6.30ന് വിവിധ ഭാഗങ്ങളില്‍നിന്ന് താലപ്പൊലി വരവ്. തുടര്‍ന്ന് പുലര്‍ച്ചെവരെ വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം. 26ന് പുലര്‍ച്ചെ അഞ്ചിന് ഉത്തക്കണ്ടി കണ്ണന്‍ കോമരത്തിന്റെ വീട്ടില്‍നിന്ന് അമൃത കലശം വരവ്. തുടര്‍ന്ന് ഗുളികന്‍ തിറ. രാവിലെ പത്തിന് ഭദ്രകാളി, കുട്ടിച്ചാത്തന്‍, വേട്ടയ്ക്കൊരുമകന്‍, പോര്‍ക്കലി കരിമ്പാം ഭഗവതി, വസൂരിമാല തെയ്യങ്ങളുടെ തിറയാട്ടം നടക്കും. പകല്‍ 12 മുതല്‍ 2.30 വരെ പ്രസാദസദ്യ. വൈകീട്ട് 4.30ന് ഭഗവതിയുടെ തിരുമുടിയേറ്റ്. അഞ്ചിന് വേട്ടയ്ക്കൊരു മകന് തേങ്ങയേറ്, ഗുരുതി എന്നിവ നടക്കും. ഉത്സവ ദിവസങ്ങളില്‍ തായമ്പകയും പ്രസാദസദ്യയും നടക്കും.