കൊച്ചി: മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച് സംസ്ഥാനത്ത് നാശനഷ്ടമുണ്ടായതുമായി ബന്ധപ്പെട്ട ജപ്തി നടപടിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ വിട്ടുനല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇതിന് ആഹ്വാനം ചെയ്തവരുടെ സ്വത്തുക്കള്‍ കോടതി നിര്‍ദേശപ്രകാരം കണ്ടുകെട്ടിയത്.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുക്കള്‍ നടപടിയില്‍ ഉള്‍പ്പെട്ടതായി തിരിച്ചറിഞ്ഞു. ഈ സ്വത്തുക്കള്‍ വിട്ടുനല്‍കിയതായി സത്യവാങ്മൂലത്തിലൂടെ കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവരെ ജപ്തി നടപടികളില്‍ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പിഴവ് പറ്റി ഉള്‍പ്പെടുത്തിയവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിക്കാരനായ കാടാമ്പുഴ സ്വദേശി ടി.പി യൂസുഫിന്റേതുള്‍പെടെ 18 പേര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്റെ നടപടി. അടുത്ത ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.