കോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റ് മാറ്റരുതെന്നാവശ്യപ്പെട്ട് 23ന് രാവിലെ 10 മണിക്ക് കോര്‍പറേഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാളയത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ വ്യാപാരികള്‍, കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അണിചേരും. ഒരുകാലത്ത് മലബാറിന്റെ മുഴുവന്‍ പച്ചക്കറി മാര്‍ക്കറ്റായിരുന്ന പാളയം പച്ചക്കറി മാര്‍ക്കറ്റ് ആധുനീകരിച്ചാല്‍ കച്ചവട സാധ്യത കൂടുതല്‍ വര്‍ധിക്കും. അരനൂറ്റാണ്ടിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള പാളയം മാര്‍ക്കറ്റില്‍ അനുബന്ധ കച്ചവടക്കാര്‍, പീടിക തൊഴിലാളികള്‍ വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പെടെ 500ലധികം കുടുംബങ്ങളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. നിലവിലുള്ള മാര്‍ക്കറ്റ് ആധുനിക രീതിയില്‍ നവീകരിക്കാനാവശ്യമായ സാധ്യതകള്‍ നിലവിലുണ്ട്. അധികാരികള്‍ ചര്‍ച്ചക്ക് തയ്യാറായാല്‍ വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കുവാന്‍ സംരക്ഷണസമിതി തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.പി.എം ഹനീഫ (എസ്.ടി.യു), എസ്.എഫ്.എസ് അക്ബര്‍ (വെജിറ്റബിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍), എ.വി മുസ്തഫ (സി.ഐ.ടി.യു), പി. അബ്ദുല്‍ റഷീദ് (ഫ്രൂട്ട്‌സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍), ജലീല്‍ (ഐ.എന്‍.ടി.യു.സി), എം.മുഹമ്മദ് ബഷീര്‍ (എ.ഐ.ടി.യുസി) എന്നിവര്‍ പങ്കെടുത്തു.