കശ്മീര്‍ താഴ്‌വരയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രം

കശ്മീര്‍ താഴ്‌വരയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രം

ശ്രീനഗര്‍: ജമ്മുകശ്മീര്‍ താഴ്‌വരയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ആലോചന. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോള്‍ വന്‍തോതില്‍ സൈനികരെ വിന്യസിച്ചിരുന്നു. മൂന്നര വര്‍ഷത്തിന് ശേഷം ഇത് പിന്‍വലിക്കാനാണ് ആലോചന. കശ്മീര്‍ ഉള്‍പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം രണ്ട് വര്‍ഷമായി ചര്‍ച്ചയിലുണ്ട്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് പുറമെ, സായുധ സേന, പോലിസ് എന്നിവര്‍ കൂടി ഭാഗമായ വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ നടന്നിരുന്നു. പുതിയ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ നിയന്ത്രണരേഖയില്‍ മാത്രമേ ഇനി സൈന്യത്തിന്റെ സാന്നിധ്യമുണ്ടാവുകയുള്ളൂ.

കശ്മീര്‍ വിഭജനത്തിന് ശേഷം അക്രമസംഭവങ്ങളില്‍ അന്‍പത് ശതമാനത്തോളം കുറവുണ്ടായെന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തില്‍ സൈന്യത്തെ പൂര്‍ണമായും നിയന്ത്രണരേഖയിലേക്ക് മാറ്റി സി.ആര്‍.പി.എഫിനെ സുരക്ഷാ ചുമതലയില്‍ നിയോഗിക്കാനാണ് ആലോചന. ഘട്ടം ഘട്ടമായിട്ടാവും സൈന്യത്തെ പിന്‍വലിക്കുക.
2019 ആഗസ്റ്റില്‍ കശ്മീര്‍ പുനഃസംഘടനാ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് കശ്മീര്‍ താഴ്‌വരകളില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചത്. കഴിഞ്ഞ മൂന്നരവര്‍ഷമായി സൈന്യം കശ്മീരിന്റെ ഉള്‍പ്രദേശങ്ങളിലെല്ലാം തമ്പടിച്ചിരിക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ രാഷ്ട്രീയ റൈഫിള്‍സിനാണ് ജമ്മു കശ്മീരിന്റെ സുരക്ഷാ ചുമതല. ഏതാണ്ട് അരലക്ഷത്തോളം സൈനികരാണ് ഇത്രയും ക്രമസമാധാനപാലനത്തില്‍ ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *