ന്യൂമാഹി: കഴിഞ്ഞ ദിവസം ദേശീയപാതയിലെ മങ്ങാട് ബൈപ്പാസിന്റെ സര്‍വീസ് റോഡിനോട് ചേര്‍ന്ന് വൈദ്യുതി തൂണ്‍ മാറ്റുന്നതിനിടെ അസാം സ്വദേശി അതിദാരുണമായി മരിക്കാനിടയായത് കുറ്റകരമായ അനാസ്ഥയും, അലംഭാവവും കൊണ്ടെന്ന് പരാതി ഉയര്‍ന്നു. ഒരുമിച്ച് ഘടിപ്പിച്ച രണ്ട് തൂണുകള്‍ അശാസ്ത്രീയമായ രീതിയില്‍ കുഴിച്ചിട്ടതാണ് അപകടത്തിന് കാരണമായത്. തൂണുകള്‍ മറിഞ്ഞ് വീണ് രണ്ട് പേര്‍ അതിനടിയില്‍ പെടുകയായിരുന്നു. ഒരാള്‍ തെറിച്ചു വീണു രക്ഷപ്പെട്ടു. അടിയില്‍പ്പെട്ടയാള്‍ മരണപ്പെട്ടു. അസം സ്വദേശി ദിലീപ് റായ് (36) ആണ് മരിച്ചത്. ഇയാള്‍ക്ക് മുഖത്തും തലയിലുമാണ് ഗുരുതരമായി പരുക്കേറ്റത്. എടക്കാട് സ്വദേശിയുടെ ഒരു കാല്‍ മുറിഞ്ഞു തൂങ്ങിപ്പോയിരുന്നു. അപകടം പിടിച്ച ജോലിയില്‍ വേണ്ടത്ര ജാഗ്രതയില്ലാതെയും ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഉപയോഗിക്കാതെ തികച്ചും ഉദാസീനമായും നടത്തിയ പ്രവൃത്തിയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.
ബൈപ്പാസ് നിര്‍മ്മാണക്കമ്പനിയായ ഇ.കെ.കെ ഗ്രൂപ്പ് വൈദ്യുതി പ്രവൃത്തികള്‍ ഉപകരാര്‍ നല്‍കുകയായിരുന്നു. ഈ കരാര്‍ എടുത്തവര്‍ക്ക് പ്രവൃത്തിയില്‍ വേണ്ടത്ര പരിചയം ഉണ്ടായിരുന്നില്ലെന്നറിയുന്നു. അപകടകരമായ പ്രവൃത്തി ശാസ്ത്രീയമായി നടത്താനുള്ള സംവിധാനങ്ങള്‍ ഒന്നും ഉപയോഗിച്ചിരുന്നില്ല. സര്‍വീസ് റോഡിനോട് ചേര്‍ന്ന താഴ്ന്ന സ്ഥലത്ത് മണ്ണിട്ട് നികത്തിയിരുന്നു. ഇങ്ങനെ നികത്തിയ സ്ഥലത്ത് ഇളകിയ മണ്ണില്‍ വൈദ്യുത പോസ്റ്റ് കുഴിച്ചിട്ടാല്‍ ഉറച്ച് നില്ക്കില്ലെന്നത് ഉറപ്പാണ്.
ഇ.കെ.കെ.ഗ്രൂപ്പിനും വൈദ്യുതി വകുപ്പിനും ഈ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും, സമഗ്രമായ അന്വേഷണം നടത്തണമെന്നും ജോലിക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു. പോലീസ് കരാറുകാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപമവുമുയര്‍ന്നിട്ടുണ്ട്.