കോഴിക്കോട്: കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്. അഞ്ച് പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. പ്രതിഷേധത്തിന്റെ ഭാഗമായി വന്‍ സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 911 പോലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളില്‍ നിന്നുള്ള പോലിസുകാരെ കൂടി സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
കാസര്‍ക്കോട് ജില്ലാ പോലിസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 14 ഡിവൈ.എസ്.പിമാരും സുരക്ഷ ചുമതലയില്‍ ഉണ്ട്. നികുതി വര്‍ധനക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധ സമരത്തിലാണ് യു.ഡി.എഫ്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള പ്രതിഷേധങ്ങളും. മുഖ്യമന്ത്രിയെ വഴിയില്‍ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും വ്യക്തമാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച മിക്ക ഇടങ്ങളിലും പ്രതിഷേധം ഉയര്‍ന്നു.
പ്രതിഷേധത്തെത്തുടര്‍ന്ന് പാലക്കാട്ടേക്കുള്ള യാത്ര മുഖ്യമന്ത്രി ഹെലികോപ്ടറിലാക്കിയെങ്കിലും സമ്മേളന സ്ഥലത്തേക്കുള്ള യാത്രയില്‍ പോലും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. അനധികൃത കരുതല്‍ തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനെന്ന പേരില്‍ പലയിടത്തും പോലിസ് സുരക്ഷ സാധാരണക്കാരുടെ യാത്രകളെ വരെ സാരമായി ബാധിച്ചു. പനി ബാധിച്ചു കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയവരെ പോലും തടഞ്ഞത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പിന് വിലക്കില്ലെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്.