തലശ്ശേരി: തച്ചോളി ഒതേനന്റേയും, കതിരൂര്‍ ഗുരിക്കളുടേയും പോരാട്ട ഗാഥകള്‍ ഉറങ്ങുന്ന പൊന്ന്യത്തങ്കത്തട്ടില്‍ 21 മുതല്‍ 27 വരെ സംസ്ഥാന ടീമുകളെ അണിനിരത്തി പൊന്ന്യത്തങ്കം സംഘടിപ്പിക്കുന്നു. കതിരൂര്‍ ഗ്രാമപഞ്ചായത്തും, പുല്യോടി പാട്യം ഗോപാലന്‍ സ്മാരക വായനശാലയും സംയുക്തമായാണ് അങ്കക്കളരിക്ക് വേദിയൊരുക്കുന്നത്. 21ന് വൈകീട്ട് ഏഴ് മണിക്ക് ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍.ഷംസീര്‍ കളരിവിളക്ക് തെളിയിക്കും. കെ.മുരളീധരന്‍ എം.പി, വി.ശിവദാസന്‍ എം.പി, കെ.വി.സുമേഷ് എം.എല്‍.എ മുഖ്യാതിഥികളായിരിക്കും. പത്മശ്രീ എസ്.ആര്‍.ഡി.പ്രസാദ് ഗുരുക്കളെ ആദരിക്കും.
അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍ പരിചയപ്പെടുത്തും. തുടര്‍ന്ന് കൊല്ലം മാരുതി കളരിയും, കണ്ണൂര്‍ ദുല്‍ഷുക്കര്‍ കളരിയും കളരിപ്പയറ്റ് അവതരിപ്പിക്കും. തച്ചോളിക്കളി, രാജസൂയം കോല്‍ക്കളി , വയലിബാംബു മ്യൂസിക്കല്‍ ബാന്റ് എന്നിവയുണ്ടാകും. 22ന് വൈകീട്ട് ഏഴ് മണിക്ക് തച്ചോളി ഒതേനന്‍ -കതിരൂര്‍ ഗുരിക്കള്‍ അനുസ്മരണം നടക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.പി സനലിന്റെ അധ്യക്ഷതയില്‍ റവന്യുമന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ .എന്‍ ഷംസിര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കീച്ചേരി രാഘവന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ആറ്റുകാല്‍ കെ.കെ.എന്‍ കളരി, കതിരൂര്‍ ഗുരുകൃപാ കളരി എന്നിവയുടെ കളരിപ്പയറ്റും, വനിതകളുടെ ദഫ് മുട്ടും അരങ്ങേറും.
23ന് വൈകീട്ട് ഏഴ് മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജയുടെ അധ്യക്ഷതയില്‍ മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. സ്പിക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ വിശിഷ്ടാതിഥിയായിരിക്കും. എം.വിജിന്‍ എം.എല്‍.എ, പി.ഹരീന്ദ്രന്‍ സംസാരിക്കും. പൂവാട്ട്പറമ്പ് സ്വതന്ത്ര കളരി, കടത്തനാട് കെ.പി.സി.ജി.എം കളരി എന്നിവയുടെ കളരിയങ്കവും, സി.ജെ കുട്ടപ്പന്റെ നാടന്‍ പാട്ടും അരങ്ങേറും. 24ന് വൈകീട്ട് ഏഴ് മണിക്ക് എരഞ്ഞോളി മൂസ്സ അനുസ്മരണ ചടങ്ങില്‍ റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വിശിഷ്ടാതിഥിയായിരിക്കും. ടി.എ.മധുസൂദനന്‍ എം.എല്‍.എ, കെ.പി.മോഹനന്‍ എം.എല്‍.എ, എം.സുരേന്ദ്രന്‍ സംസാരിക്കും. ഫിറോസ് ബാബു അനുസ്മരണഭാഷണം നടത്തും. പത്മശ്രി മീനാക്ഷി ഗുരുക്കളും എച്ച്.സി.ജി കളരി സംഘവും ഒരുക്കുന്ന പെണ്‍പയറ്റ് അരങ്ങേറും. പൂരക്കളിക്കളരി, മാപ്പിള കലാമേള എന്നിവയുണ്ടാകും.
25ന് വൈകീട്ട് ഏഴ് മണിക്ക് സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ പി.ജയരാജന്‍, കെ.കെ ശൈലജ എം.എല്‍.എ, കെ.കെ പവിത്രന്‍ മാസ്റ്റര്‍, മുഹമ്മദ് അഫ്‌സല്‍, എ.വി അജയകുമാര്‍, ഡോ. എ.പി.ശ്രീധരന്‍ സംസാരിക്കും. അല്‍-മുബാറക് കളരി, യോഗ നൃത്തം, ദുബായ് കളരി ക്ലബ് അവതരിപ്പിക്കുന്ന കളരി പ്രദര്‍ശനം. ലാസ്യ പയ്യന്നൂരിന്റെ പുലിജന്മം. കാരി ഗുരുക്കള്‍ തെയ്യത്തിന്റെ നൃത്താവിഷ്‌ക്കാരം എന്നിവയുണ്ടാകും. 26ന് വൈകീട്ട് ഏഴ് മണിക്ക് കോയ കാപ്പാടിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ എം.വി ജയരാജന്‍, സണ്ണി ജോസഫ് എം.എല്‍.എ, സജീവ് ജോസഫ് എം.എല്‍.എ സംബന്ധിക്കും.
തുടര്‍ന്ന് കടത്തുരുത്തി ഇ.പി.വി കളരി, കൈ കുത്തിപ്പയറ്റ്, തച്ചോളി കോല്‍ക്കളി എന്നിവയും, വിശ്വഭാരത് കളരി, ഗുരു ഗോപിനാഥ് നടന ഗ്രാമം അവതരിപ്പിക്കുന്ന കേരളനടനം, ഫ്യൂഷന്‍ ഡാന്‍സ് എന്നിവയുമുണ്ടാകും. 27ന് അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ എ.ഡി.ജി.പി.എം.ആര്‍ അജിത്കുമാര്‍ എ.പി.എസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ സംസാരിക്കും. തുടര്‍ന്ന് ചൂരക്കൊടി കളരി, കണ്ണുകെട്ടി മാപ്പിള കോല്‍ക്കളി, ഭാര്‍ഗ്ഗവ കളരി എന്നിവയുടെ കലാകായിക പരിപാടികള്‍ അരങ്ങേറും. സ്റ്റീഫന്‍ ദേവസ്യ നയിക്കുന്ന ഏഴരക്കണ്ടം നൈറ്റ് അരങ്ങേറും. ഏഴരക്കണ്ടത്തെ അങ്കത്തട്ടിന് ചുറ്റിലും അഞ്ച് കലാകാരന്മാര്‍ ധൂളി ചിത്രം ഒരുക്കും. 25ന് അക്കാദമിയുടെ അവാര്‍ഡ് ദാന ചടങ്ങ് നടക്കുമെന്ന് ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ എന്‍.പി വിനോദ് കുമാര്‍, പി.പി സനില്‍, ഫോക് ലോര്‍ അക്കാദമി പ്രോഗ്രാം ഓഫിസര്‍ പി.വി ലാവ്‌ലിന്‍, പി.ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരും സംബന്ധിച്ചു.