കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാനുമായി കാലിക്കറ്റ് ചേംബര്‍ എയര്‍പ്പോര്‍ട്ട് കമ്മിറ്റി ചര്‍ച്ച നടത്തി. റണ്‍വേക്കായി സ്ഥലം ഏറ്റെടുക്കല്‍ ഏകദേശം അവസാനഘട്ടത്തിലാണെന്ന് മന്ത്രി ചേംബര്‍ പ്രതിനിധികളോട് പറഞ്ഞു. മികച്ച സഹകരണമാണ് ഭൂവുടമകളില്‍ നിന്നും ലഭിച്ചത്. ഏറ്റെടുത്തതിനു ശേഷമുള്ള എല്ലാ ചെലവുകളും കേന്ദ്രം വഹിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രിയില്‍ നിന്നും ഉറപ്പ് കിട്ടിയതായി മന്ത്രി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഫോര്‍ വണ്‍ നോട്ടിഫിക്കേഷനും കഴിഞ്ഞു. ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് അഞ്ചെണ്ണം അനുവദിച്ചതില്‍ ഒന്ന് കാലിക്കറ്റ് എയര്‍പോര്‍ട്ട് ആണ്. വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റ് പൂര്‍ണമായി സഹകരിക്കുന്നതായും മന്ത്രി പറഞ്ഞു. മന്ത്രിയുടെ താനൂരിലെ വസതിയില്‍ നടത്തിയ ചര്‍ച്ചയില്‍ കാലിക്കറ്റ് ചേംബര്‍ എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ ഡോ.കെ. മൊയ്തു, പ്രസിഡന്റ് റാഫി പി. ദേവസി, ഹോണററി സെക്രട്ടറി എ.പി അബ്ദുല്ലകുട്ടി, സുബൈര്‍ കൊളക്കാടന്‍, ടി.പി അഹമ്മദ്, എം. മുസമ്മില്‍ എന്നിവര്‍ സന്നിഹിതരായി.