തിരുവനന്തപുരം: അധികാരം ലഭിച്ചാല്‍ നേതാക്കള്‍ ബന്ധുക്കള്‍ക്ക് ജോലി വാങ്ങി കൊടുക്കുന്ന രീതി പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് സി.പി.എം തെറ്റുതിരുത്തല്‍ രേഖ. ബന്ധു നിയമന വിവാദം മുന്‍പെങ്ങുമില്ലാത്ത വിധം സര്‍ക്കാരിനേയും സി.പി.എമ്മിനേയും പ്രതിരോധത്തിലാക്കുമ്പോഴാണ് തൊഴില്‍ ഒരു അവകാശമല്ലെന്ന് നേതാക്കളെ ഓര്‍മ്മിപ്പിക്കുന്ന തെറ്റു തിരുത്തല്‍ രേഖയുടെ വിശദാംശങ്ങള്‍ പുറത്ത് വരുന്നത്. ഭരണം ലഭിച്ചാല്‍ സ്ഥാനമാനങ്ങളും കിട്ടാവുന്നതെല്ലാം നേടിയെടുക്കാമെന്ന മനോഭാവം ശരിയല്ലെന്നും പാര്‍ട്ടി സഖാക്കള്‍ ഉപേക്ഷിക്കണമെന്നുമാണ് സംസ്ഥാന സമിതി അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖയിലെ പ്രധാന പരാമര്‍ശം. സംഘടനാപരവും രാഷ്ട്രീയവുമായ അടിയന്തര തിരുത്തല്‍ നിര്‍ദേശിക്കുന്ന രേഖ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന സമിതിയാണ് അംഗീകരിച്ചത്.
ഉത്തരവാദപ്പെട്ട ഘടകങ്ങളിലെത്തിയാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജോലി വാങ്ങികൊടുക്കുകയെന്നത് ചിലര്‍ അവകാശമായി കാണുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ചക്കും സംരക്ഷണം അര്‍ഹിക്കുന്നവര്‍ക്ക് അത് കിട്ടുന്നില്ലെന്ന തോന്നലിലേക്കും ഇത് വഴിയ്ക്കുന്നു, കൂടാതെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ പാര്‍ട്ടി നേതാക്കള്‍ തട്ടിയെടുത്തതെന്ന വികാരമാണ് സമൂഹത്തില്‍ ഉണ്ടാകുന്നത്. ഇത് പാര്‍ട്ടിക്ക് ആകെ വലിയ അവമതിപ്പ് ഉണ്ടാക്കുന്നതാണ്, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയും തെറ്റുതിരുത്തല്‍ രേഖ നിര്‍ദ്ദേശിക്കുന്നു. അതുകൊണ്ട് ഇത്തരം പ്രവണതകള്‍ തിരുത്തി യുവ കേഡര്‍മാരെ വളര്‍ത്തിയെടുക്കാനുള്ള ബാധ്യതയും സംഘടനാരംഗത്ത് ഏറ്റെടുക്കേണ്ട അടിയന്തര കടമകള്‍ എന്ന തലക്കെട്ടില്‍ തയ്യാറാക്കിയ രേഖ വ്യക്തമാക്കുന്നു.
നേതാക്കളുടെ അടുത്ത ബന്ധുക്കളുള്‍പ്പെട്ട നിയമന വിവാദങ്ങള്‍ മുതല്‍ തിരുവനന്തപുരം നഗരസഭയില്‍ കരാര്‍ നിയമത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട കത്ത് പുറത്ത് വന്ന സംഭവത്തിന്റെ വരെ പശ്ചാത്തലത്തിലാണ് തെറ്റുതിരുത്തല്‍ രേഖ നിര്‍ദ്ദേശങ്ങളുടെ പ്രസക്തി.