ട്രെയിന്‍ യാത്രാ ദുരിതം പരിഹരിക്കണം: ഡി.ആര്‍.എം ത്രിലോക് കോത്താരിക്ക് നിവേദനം നല്‍കി

ട്രെയിന്‍ യാത്രാ ദുരിതം പരിഹരിക്കണം: ഡി.ആര്‍.എം ത്രിലോക് കോത്താരിക്ക് നിവേദനം നല്‍കി

കോഴിക്കോട്: ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍ കാരണം ജനശതാബ്ദി, കണ്ണൂര്‍-എറണാകുളം ഇന്റര്‍ സിറ്റി, മെമു ട്രെയിന്‍ ഉള്‍പ്പെടെ കേരളത്തിലോടുന്ന 17 തീവണ്ടികള്‍ പൂര്‍ണമായും ഭാഗികമായും റദ്ദ് ചെയ്യുന്നത് മൂലം യാത്രാക്ലേശം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യാത്ര ദുരിതത്തിന് അടിയന്തിര ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണണെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ കേരള റീജിയന്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി, എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ സി.ഇ.ഒയും സെക്രട്ടറിയുമായ ഡോക്ടര്‍ എന്‍.കെ. മുഹമ്മദ് ബഷീറും പാലക്കാട് ഡിവിഷണല്‍ മാനേജറുടെ കാര്യാലയത്തില്‍ വച്ച് മാനേജര്‍ ത്രിലോക് കോത്താരി ഐ. ആര്‍.എസ്.എസ്, പബ്ലിക് റിലേഷന്‍ ഓഫിസര്‍ ബി.ദേവ, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കി ചര്‍ച്ച നടത്തി.

അറ്റകുറ്റപ്പണികള്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വേഗത്തില്‍ പൂര്‍ത്തീകരിക്കുക, തിരക്കുള്ള വണ്ടികളില്‍ കൂടുതല്‍ കമ്പാര്‍ട്ട്‌മെന്റ് അനുവദിച്ചും മെമു യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമയമാക്കി പുനഃക്രമീകരിക്കുക, 22651/52 ചെന്നൈ പാലക്കാട് എക്‌സ്പ്രസിന് കൊല്ലംകോട് സ്റ്റോപ്പ് അനുവദിക്കുക, മെഡിക്കല്‍ കോളേജ്, എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലേക്ക് വരുന്ന രോഗികള്‍ക്കും, കൂടെ വരുന്നവര്‍ക്കും പരിസരവാസികള്‍ക്കും ഏറ്റവും ഉപകാരപ്രദമായ ദേവഗിരി റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ എല്ലാദിവസവും പ്രവര്‍ത്തിക്കുക, കടലുണ്ടി തീവണ്ടി പാലം തകര്‍ന്നപ്പോള്‍ ഹ്രസ്വദൂര ലിങ്ക് – പാസഞ്ചര്‍ ട്രെയിനുകള്‍ അഡീഷണലായി ഓടിച്ചും കെ.എസ്.ആര്‍.ടി.സി റെയില്‍വേയുമായി സഹകരിച്ച് ലിങ്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയ മാതൃകയില്‍ പോയിന്റ് ടു പോയിന്റ് ബസ് സര്‍വീസ് ആരംഭിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

നിവേദനത്തിലെ ആവശ്യങ്ങള്‍ പാലക്കാട് ഡിവിഷന്‍ തലത്തില്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാം എന്നും മറ്റ് ആവശ്യങ്ങള്‍ മേലാധികാരികളെ അറിയിക്കാമെന്നും ജനറല്‍ മാനേജര്‍ ത്രിലോക് കോത്താരി അറിയിച്ചു. കേരള റെയില്‍വേ പോലിസ് ജനമൈത്രി സുരക്ഷാ പദ്ധതി അപകടങ്ങള്‍ കുറയ്ക്കാന്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് വേണ്ടിയുള്ള ബോധവല്‍ക്കരണ മാസാചരണം സഫലമീ യാത്ര പദ്ധതിക്ക് സി.ഐ.ആര്‍.യു. എ നല്‍കുന്ന സഹകരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തുടര്‍ന്നും യാത്ര സംഘടനകളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *