ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേയുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിളായിരുന്നു 370. ഒരു ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്റെ വാദത്തിനിടയിലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. 2019 ആഗസ്റ്റ് അഞ്ചിനാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഡിസംബറിലും ഇതേ ആവശ്യമുന്നയിച്ച് എഴുത്തുകാരനും അധ്യാപകനുമായ രാധാ കുമാര്‍ കെട്ടിക്കിടക്കുന്ന ഹര്‍ജികളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹര്‍ജികള്‍ പരിശോധിച്ച് തിയ്യതി നല്‍കാമെന്നാണ് അന്ന് കോടതി അറിയിച്ചത്. ഒക്ടോബറിന് മുന്നേ ഹര്‍ജികള്‍ പരിഗണിക്കുമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ തീരുമാനിച്ചിരുന്നു. എന്നാല്‍, ജസ്റ്റിസ് എന്‍.വി രമണയും ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡിയും വിരമിച്ചത് കൊണ്ട് കെട്ടിക്കിടക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അഞ്ചംഗ ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ടി വരും.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി ഹര്‍ജികളാണ് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ഈ ഹര്‍ജികള്‍ രണ്ട് വര്‍ഷത്തിലധികമായി കോടതിയില്‍ കെട്ടിക്കിടക്കുന്നു. ഹര്‍ജികള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസ് രമണ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന് കൈമാറിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോട് കൂടി ജമ്മുകശ്മീര്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കേന്ദ്രഭരണപ്രദേശമായി മാറി. ജനങ്ങളുടെ സമ്മതമില്ലാതെ എടുത്ത തീരുമാനത്തില്‍ രാജ്യമൊട്ടാകെയുള്ള പ്രതിഷേധമാണ് ഉണ്ടായത്.