രണ്ടാമത് കേരള സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ് 18 മുതല്‍ 20 വരെ

രണ്ടാമത് കേരള സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ് 18 മുതല്‍ 20 വരെ

കോഴിക്കോട്: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് 18 മുതല്‍ 20 വരെ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വച്ച് സംഘടിപ്പിക്കുമെന്ന് മേയര്‍ ബീന ഫിലിപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ജൈവവൈവിധ്യവും ഉപജീവനവും’ എന്നതാണ് മുഖ്യ പ്രതിപാദ്യവിഷയം. 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. കേരള സംസ്ഥാന ജൈവവൈവിധ്യ ആസൂത്രണ കര്‍മ്മ പദ്ധതി (2022-32) ഡോ. വി.വേണു ഐ.എ.എസ് (അഡീ. ചീഫ് സെക്രട്ടറി, പരിസ്ഥിതി വകുപ്പ്) ഏറ്റുവാങ്ങും. ‘കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണം’ എന്ന കേരള പുനഃനിര്‍മാണ പദ്ധതിയുടെ പൂര്‍ത്തീകരണ റിപ്പോര്‍ട്ട് പുനീത് കുമാര്‍ ഐ.എ.എസ് (മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്) ഏറ്റുവാങ്ങും.

എം.കെ രാഘവന്‍ എം.പി, മേയര്‍ ബീന ഫിലിപ്, എം.എല്‍.എമാരായ കാനത്തില്‍ ജമീല, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ലിന്റോ ജോസഫ്, ഡോ.എം.കെ മുനീര്‍, പി.ടി.എ റഹിം, കെ.കെ രമ, ടി.പി രാമകൃഷ്ണന്‍, കെ.എം സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന്‍, ഇ.കെ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കെ.എസ്.ബി.ബി മെമ്പര്‍മാരായ ഡോ.കെ.സതീഷ്‌കുമാര്‍, ഡോ. ടി.എസ് സ്വപ്‌ന, ടോ.കെ.ടി ചന്ദ്രമോഹന്‍, പ്രമോദ് ജി.കൃഷ്ണന്‍ ഐ.എ.എസ്, കെ.എസ്.ബി.ബി മെമ്പര്‍ സെക്രട്ടറി ഡോ.എ.വി സന്തോഷ്‌കുമാര്‍, ജി.എ ആന്റ് എസ്.സി കോഴിക്കോട് പ്രിന്‍സിപ്പാള്‍ ഡോ.എടക്കോട്ട് ഷാജി എന്നിവര്‍ പങ്കെടുക്കും. കെ.എസ്.ബി.ബി ചെയര്‍മാന്‍ ഡോ.സി.ജോര്‍ജ് തോമസ് സ്വാഗതവും കെ.എസ്.ബി.ബി ബോര്‍ഡ് മെമ്പര്‍ കെ.വി ഗോവിന്ദന്‍ നന്ദിയും പറയും. ചടങ്ങില്‍ വച്ച് ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാര വിതരണവും പുസ്തക പ്രകാശനവും കടലാമകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ വീഡോയയുടെ പ്രകശനവും നടക്കും.

രണ്ടാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ മുഖ്യ ആകര്‍ഷണം മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പ്രദര്‍ശനമാണ്. 18ന് വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 125ല്‍ പരം സ്റ്റാളുകളിലായി പരമ്പരാഗത പൈതൃക ഉല്‍പ്പന്നങ്ങള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍, തടിയേതര വനവിഭവങ്ങള്‍, പരമ്പരാഗത കലകളുമായി ബന്ധപ്പെട്ട ഉള്‍പ്പന്നങ്ങള്‍, കാര്‍ഷിക മുല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, അപൂര്‍വ്വ ഔഷധ സസ്യങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. പരിസ്ഥിതി ജൈവവൈവിധ്യ സംരക്ഷണ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, ബി.എം.സികള്‍, സംരക്ഷക കര്‍ഷകര്‍ തുടങ്ങിയവര്‍ ജൈവവൈവിധ്യ പ്രദര്‍ശനത്തില്‍ പങ്കാളികളാകുന്നുണ്ട്.

19ന് നടക്കുന്ന കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.സതീദേവി അധ്യക്ഷത വഹിക്കുന്ന ‘സ്ത്രീ ശാക്തീകരണം: ജൈവവൈവിധ്യ സംരക്ഷണവും ജീവനോപാധിയും’ ശില്‍പശാലയില്‍ വിവിധ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, വനിതാ സംരംഭകര്‍ പങ്കെടുക്കും. അപൂര്‍വ്വവും പ്രതികൂല പാരിസ്ഥിതിക സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിവുള്ളതുമായ പരമ്പരാഗത വിളയിനങ്ങളുടെ സംരക്ഷകരായിട്ടുള്ള സംരക്ഷക കര്‍ഷകരുടെ (കസ്റ്റോഡിയന്‍ ഫാര്‍മേഴ്‌സ്) സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരള പുനഃനിര്‍മാണ പദ്ധതിയുടെ ഭാഗമായി ജൈവവൈവിധ്യ ബോര്‍ഡ് നടപ്പിലാക്കിയ കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയില്‍ പങ്കാളികളായിട്ടുള്ള എട്ട് ജില്ലകളില്‍നിന്നും തിരഞ്ഞെടുത്ത 70 സംരക്ഷക കര്‍ഷകര്‍ പങ്കെടുക്കും.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ബി.എം.സികള്‍ക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നതിനായി ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ട് രൂപീകരിച്ചിട്ടുള്ള ജില്ലാതല ജൈവവൈവിധ്യ സാങ്കേതിക സഹായ സംഘത്തിന്റെ (ടി.എസ്.ജി) മേഖലാ സമ്മേളനത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ടി.എസ്.ജി അംഗങ്ങള്‍, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാര്‍, മറ്റു സാങ്കേതിക വിദഗ്ധര്‍ പങ്കെടുക്കും.

20ന് ബി.എം.സി സംഗമം, കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് എന്നിവ സംഘടിപ്പിക്കും. പരിപാടി മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ 15ാമത് സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസാണ് 20ന് സംഘടിപ്പിക്കുന്നത് ‘ജൈവവൈവിധ്യവും മനുഷ്യന്റെ ഭാവിയും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ജില്ലാപ്രോജക്ട് അവതരണ മത്സരങ്ങളില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി ഒന്നും രണ്ടും സ്ഥാനം നേടിയ ഗ്രൂപ്പുകള്‍ പ്രോജക്ട് അവതരണത്തില്‍ മാറ്റുരക്കും. 20ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ കുട്ടികളുടെ സംസ്ഥാനതല മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ജൈവവൈവിധ്യ പ്രദര്‍ശനത്തിലെ മികച്ച സ്റ്റാളുകള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ജൈവവൈവിധ്യ സംരക്ഷണ കോണ്‍ഗ്രസിലെ വിവിധ സെഷനുകളിലെ ചര്‍ച്ചകലിലൂടെ ഉരിത്തിരിയുന്ന ആശയങ്ങള്‍ പ്രാദേശിക തലത്തില്‍ ബി.എം.സികള്‍ മുഖേന നടപ്പിലാക്കുന്നതിനുള്ള നടപടി ബോര്‍ഡ് കൈക്കൊള്ളുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കെ.എസ്.ബി.ബി ചെയര്‍മാന്‍ ഡോ.സി.ജോര്‍ജ് തോമസ്, കെ.എസ്.ബി.ബി മെമ്പര്‍ സെക്രട്ടറി സന്തോഷ്‌കുമാര്‍ എ.വി, ബോര്‍ഡ് മെമ്പര്‍മാരായ കെ.വി ഗോവിന്ദന്‍, ചന്ദ്രമോഹന്‍ കെ.ടി, ഡോ.കെ.സതീഷ്‌കുമാര്‍, ജി.എ ആന്റ് എസ്.സി കോഴിക്കോട് പ്രിന്‍സിപ്പാള്‍ ഡോ.എടക്കാട്ട് ഷാജി എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *