പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്നു; ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്നു; ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

ഭോപ്പാല്‍: ഹരിയാനയില്‍ രാജസ്ഥാനില്‍ നിന്ന് കാണാതായ രണ്ട് യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തര്‍ക്കെതിരെ കേസ്. പശുക്കടത്ത് ആരോപിച്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയവര്‍ ചുട്ടുകൊല്ലുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പരാതി നല്‍കി. ഹരിയാനയിലെ ഭിവാനി ജില്ലയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമവാസികളായ നസീര്‍ (25), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാജസ്ഥാനില്‍ നിന്ന് ഇരുവരെയും ബുധനാഴ്ചയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. വാഹനത്തിന്റെ ഉടമ അസീന്‍ ഖാന്‍ എന്നയാളാണെന്നും കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ് ഇയാളെന്നും പോലിസ് വ്യക്തമാക്കി. യുവാക്കളെ തട്ടിക്കൊണ്ടുപോയവര്‍ തീകൊളുത്തിയതാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കും. വിവിധ വകുപ്പുകള്‍ പ്രകാരം രാജസ്ഥാനിലെ ഗോപാല്‍ ഗഡ് പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.
ജുനൈദിനെതിരെ അഞ്ചോളം അനധികൃത പശുക്കടത്ത് കേസുകള്‍ ഉണ്ടെന്ന് പോലിസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് ഇരുവരുടെയും കുടുംബാംഗങ്ങള്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. കുടുംബാംഗങ്ങള്‍ ചിലരുടെ പേര് പറഞ്ഞിട്ടുണ്ട്. അവരെ പിടികൂടാന്‍ ഞങ്ങള്‍ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് ഐ.ജി പറഞ്ഞു. നസീറിന് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല. അതേസമയം, ജുനൈദിനെതിരെ മുമ്പ് അഞ്ച് പശുക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഐ.ജി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *