കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവായ ട്രാന്‍സ്ഫര്‍ നോംസ് അടിയന്തരമായി നടപ്പിലാക്കുക, നോംസിന് വിരുദ്ധമായ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്യുക, കുടിശ്ശികയായ 27% ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, 01.04.2022 ന് മുതലുള്ള ശമ്പള പരിഷ്‌ക്കരണത്തിന് ഉടനെതന്നെ സംഘടന പ്രാതിനിധ്യമുള്ള കമ്മറ്റിയെ നിയോഗിക്കുക, കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണ ഉത്തരവിലെ അനീതി പരിഹരിക്കുക, പേ യൂണിഫിക്കേഷന്‍ ഉത്തരവിലെ അന്യായങ്ങള്‍ തിരുത്തുക, പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കുക, പെന്‍ഷന്‍ പദ്ധതി ബാങ്കിന് കീഴിലാക്കുക, പെന്‍ഷന്‍ ബോര്‍ഡില്‍ സംഘടനാ പ്രാതിനിധ്യം നിലനിര്‍ത്തുക,
അനുകൂലമായ ഹൈക്കോടതി വിധി ലഭിച്ച തൃശ്ശൂരിലെ പാര്‍ട്ട് ടൈം ജീവനക്കാരെ തിരിച്ചെടുക്കുക, പത്തനംതിട്ടയിലെ ജീവനക്കാരുടെ ഹൈക്കോടതി വിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള ബേങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പണിമുടക്കി.
പണിമുടക്കിയ ജീവനക്കാര്‍ ബേങ്കിന്റെ കോഴിക്കോട് R.Oക്ക് മുന്‍പില്‍ പ്രകടനം നടത്തി പ്രതിഷേധിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ അവകാശങ്ങളുടെ മേല്‍ നീതി നിഷേധം തുടരുകയാണെങ്കില്‍ നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും അവകാശ സംരക്ഷണത്തിനായി നിലകൊള്ളാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.കെ സുരേഷ് അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ കെ.കെ സജിത്കുമാര്‍, സംസ്ഥാന ജോ. സെക്രട്ടറി കെ.കെ ലീന, AKBEF ജില്ലാ സെക്രട്ടറി ബോധി സത്വന്‍ കെ.റജി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ രാജേഷ് സ്വാഗതവും ശശികുമാര്‍ അമ്പാളി നന്ദിയും പറഞ്ഞു.