കോഴിക്കോട്: ഒരുവര്‍ഷം നീണ്ട് നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷവുമായി അക്ഷര കൂട്ടായ്മയുടെ അരനൂറ്റാണ്ട് പിന്നിട്ട കാലിക്കറ്റ് ബുക്ക് ക്ലബ്. കാലിക്കറ്റ് ബുക്ക് ക്ലബ് അറ്റ് 50 എന്ന പേരില്‍ സാഹിത്യം, സിനിമ, നാടകം, നാടന്‍ കലകള്‍, വിവര്‍ത്തന സാഹിത്യം തുടങ്ങി സാംസ്‌കാരിക കേരളത്തിന്റെ വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന അരനൂറ്റാണ്ട് അടയാളപ്പെടുത്തുന്ന സെമിനാറുകള്‍, അനുസ്മരണങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍, ആദരിക്കല്‍ എന്നിങ്ങനെ വ്യത്യസ്ത പരിപാടികളാണ് നടത്തുന്നത്. 35 വര്‍ഷത്തോളം സി.എച്ച് ഓവര്‍ബ്രിഡ്ജിന്റെ അടിയിലെ മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലിക്കറ്റ് ബുക്ക് ക്ലബ്, അവിടം ഒഴിഞ്ഞു കൊടുക്കേണ്ട സാഹചര്യത്തില്‍ മാതൃഭൂമി ഓഫീസിന് സമീപമുള്ള ത്രിവേണി ബില്‍ഡിങ്ങില്‍ പ്രസിഡന്റ് ടി.പി മമ്മുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗമാണ് തീരുമാനം എടുത്തത്.
കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ അമ്പതാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി രക്ഷാധികാരികളായി കേരള സാഹിത്യ അക്കാദമി മുന്‍ വൈസ് പ്രസിഡന്റ് ഡോ.ഖദീജാ മുംതസിനേയും, കേന്ദ്ര പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോയില്‍ നിന്ന് ഡെപ്യൂട്ടി ഡയരക്ടറായി വിരമിച്ച പ്രമുഖ കഥാകൃത്ത് ഐസക് ഈപ്പനെയും, ജോയിന്റ് സെക്രട്ടറിയായി അധ്യാപകനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ.എസ് ഹരീന്ദ്രനാഥിനെയും നിലവിലുള്ള ഭരണസമിതിയിലേക്ക് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നുള്ള മാസങ്ങളിലും ത്രിവേണി ബില്‍ഡിംഗില്‍ തന്നെയാകും ചര്‍ച്ച നടക്കുക എന്ന് സെക്രട്ടറി അറിയിച്ചു. തുടര്‍ന്നു നടന്ന പുസ്തക ചര്‍ച്ചയില്‍ റിഹാന്‍ റാഷിദ് എഴുതിയ ‘കായല്‍ മരണം’ എന്ന നോവല്‍ ചര്‍ച്ച ചെയ്തു. വേറിട്ടു നില്‍ക്കുന്ന ഒരു നോവലാണ് കായല്‍ മരണം എന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് കഥാകൃത്ത് ഐസക് ഈപ്പന്‍ പറഞ്ഞു. അപസര്‍പ്പക കൃതികള്‍ക്ക് മലയാളത്തില്‍ വായനക്കാര്‍ ഉണ്ടെങ്കിലും ഇംഗ്ലീഷ് സാഹിത്യത്തില്‍ കിട്ടുന്ന സ്വീകാര്യത ഇവിടെ കിട്ടുന്നില്ലെന്നു ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് എ.എസ് ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. നോവലിസിസ്റ്റ് റിഹാന്‍ റാഷിദ് എഴുത്തനുഭവം പങ്കുവച്ചു. ഡോ.എന്‍.എം സണ്ണി, കെ.ജി രഘുനാഥ്, മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥ്, പി.ടി. ആസാദ്, ഡോ.എം.സി അബ്ദുല്‍ നാസര്‍ , എസ്.എ ഖുദ്‌സി, മാധ്യമ പ്രവര്‍ത്തകന്‍ പി.ടി നിസാര്‍, സി.പി.എം അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.