തിരുവനന്തപുരം: കാര്‍ഷിക സംരംഭകര്‍ക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തില്‍ വൈഗ-2023 ന്റെ ഭാഗമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഡി.പി.ആര്‍ ക്ലിനിക് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയിലെ സംരംഭകത്വ വികസനത്തിന് മുതല്‍ക്കൂട്ടാകുകയാണ് വൈഗ-2023 ഡി.പി.ആര്‍ ക്ലിനിക് വഴി ലക്ഷ്യമിടുന്നതെന്നും തുടര്‍ന്നും രണ്ട് മാസ ഇടവേളകളില്‍ ക്ലിനിക്ക് സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രാവര്‍ത്തികമല്ലാത്ത പ്രൊജെക്ടുകള്‍ തയ്യാറാക്കുന്നതു കാരണം കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകാറുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധന മേഖലയില്‍ വിശദമായ പദ്ധതി രേഖയുടെ പ്രാധാന്യത്തെകുറിച്ച് ക്ലിനിക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഉടന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ‘കേരള്‍ ആഗ്രോ’ ബ്രാന്‍ഡില്‍ എത്തിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷി വകുപ്പ് ഫാമുകള്‍, ജൈവ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ 100 ഉല്‍പ്പന്നങ്ങളായിരിക്കും ഓണ്‍ലൈന്‍ വിപണിയില്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കുക. അടുത്ത ഘട്ടത്തില്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ കൂടി ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈനില്‍ ലഭ്യമാക്കും.
കാര്‍ഷിക മൂല്യ വര്‍ദ്ധന ശൃംഖലയുടെ വികസനം എന്ന ആശയത്തില്‍ കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് വൈഗയോടനുബന്ധിച്ചാണ് ഡി.പി.ആര്‍ ക്ലിനിക് തിരുവനന്തപുരം സമേതിയില്‍ സംഘടിപ്പിച്ചത്. ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ സംരംഭകര്‍ക്കും അവരവരുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിജയകരമാക്കുന്നതിനും ആവശ്യമായ ഒരു വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) നല്‍കുന്നതിനോടൊപ്പം സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം നേടാനും അവസരം ലഭിക്കും. വിവിധ സംരംഭകരും ഈ മേഖലയിലെ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും സാങ്കേതിക വിദഗ്ധരും ക്ലിനിക്കില്‍ പങ്കെടുക്കുന്നുണ്ട്. നാല് ദിവസമായി നടക്കുന്ന ക്ലിനിക്കിന്റെ ആദ്യ ദിവസത്തില്‍ 15 സംരംഭകരുടെ ആശയങ്ങളാണ് വിദഗ്ധ സമിതി വിശകലനം ചെയ്തത്. നാല് ദിവസത്തെ ക്ലിനിക്കിലൂടെ 50 സംരംഭകരുടെ ആശയങ്ങളെ വിശകലനം ചെയ്ത് അവരുടെ സംരംഭങ്ങള്‍ക്ക് വഴികാട്ടിയാകുന്ന വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാക്കും. അവരവരുടെ സംരംഭങ്ങള്‍ക്ക് ഉതകുന്ന ഡി.പി.ആര്‍ വൈഗയുടെ വേദിയില്‍ വച്ച് വിതരണം ചെയ്യും.
കൃഷി വകുപ്പ് ഡയറക്ടര്‍ കെ.എസ് അഞ്ജു ഐ.എ.എസ് അധ്യക്ഷയായ യോഗത്തില്‍ സമേതി ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. കാര്‍ഷിക വില നിര്‍ണയ ബോര്‍ഡ് ചെയര്‍മാന്‍ രാജശേഖരന്‍, കാര്‍ഷിക സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രവിഭാഗം ശാസ്ത്രജ്ഞര്‍, കേന്ദ്ര കാര്‍ഷിക റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍, അഗ്രിക്കള്‍ച്ചര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ പ്രതിനിധികള്‍, സംസ്ഥാനതല ബാങ്കേഴ്‌സ് പ്രതിനിധികള്‍, എസ്.എഫ്.എ.സി കേരളയുടെ പ്രതിനിധികള്‍, കാര്‍ഷിക അടിസ്ഥാന സൗകര്യനിധിയുടെ പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ സംരംഭകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എസ്.എഫ്.എ.സി പ്രൊജക്റ്റ് മാനേജര്‍ ആശാ രാജ് യോഗത്തിനു നന്ദി പറഞ്ഞു.