കരിപ്പൂരില്‍നിന്നും എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്താനുള്ള നീക്കത്തിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങി എം.ഡി.എഫ്

കരിപ്പൂരില്‍നിന്നും എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്താനുള്ള നീക്കത്തിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങി എം.ഡി.എഫ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ വിമാന സര്‍വീസ് നിര്‍ത്താനുള്ള അധികൃതരുടെ തീരുമാനത്തിനെതിരേയും പ്രവാസ ക്ഷേമനിധിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കും ക്ഷേമിധിയില്‍ അംഗങ്ങളായവര്‍ക്കുമുള്ള ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 20ന് കോഴിക്കോട്ട് പ്രതിഷേധ സംഗമം നടത്തുമെന്നും മലബാര്‍ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് മൊഫ്യൂസ്യല്‍ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. എം.കെ മുനീര്‍ എം.എല്‍.എ, ലോക കേരള സഭാംഗം യു.എ നസീര്‍ പങ്കെടുക്കും. മാര്‍ച്ച് മാസം മുതല്‍ കോഴിക്കോട്-ദുബൈ- ഷാര്‍ജ സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യാ സര്‍വീസുകളുടെ ബുക്കിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്. ഇനി മുതല്‍ സര്‍വീസ് ഉണ്ടാവില്ലെന്ന് ട്രാവല്‍സുകളെ എയര്‍ ഇന്ത്യ അറിയിച്ചിരിക്കുകയാണ്. കോഴിക്കോട് നിന്നും ദുബൈയിലേക്കുള്ള എ.ഐ.937, ദുബൈയില്‍നിന്നും കോഴിക്കോട്ടേക്കുള്ള എ.ഐ 938, കോഴിക്കോട് നിന്നും ഷാര്‍ജയിലേക്കുള്ള എ.ഐ 997, ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എ.ഐ 998 സര്‍വീസുകളാണ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കുന്നത്.

കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയില്ലാത്ത സാഹചര്യത്തില്‍ ഈ സെക്ടറുകളില്‍ എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തുന്നത് പ്രവാസി യാത്രക്കാര്‍ക്ക് മറ്റു എയര്‍ലൈന്‍സുകളേയും വിമാനത്താവളങ്ങളേയും ആശ്രയിക്കേണ്ടി വരും. ഇതുമൂലം പ്രവാസി യാത്രക്കാര്‍ക്ക് ഭാരിച്ച ചെലവ് വഹിക്കേണ്ടി വരും. യാത്രക്കാരുടെ എണ്ണം കുറയുന്നതോടെ വിമാനത്താവളത്തെ തന്നെ തകര്‍ച്ചയുടെ വക്കിലെത്തിക്കും. എയര്‍ ഇന്ത്യാ ഓഫിസ് കോഴിക്കോട്ട് പുനഃസ്ഥാപിക്കാനും കോഴിക്കോട്-ദുബൈ-ഷാര്‍ജ സര്‍വീസുകള്‍ തുടരുന്നതിനും ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി സ്വീകരിക്കണം.

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത അംഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വര്‍ധിപ്പിക്കണം. അംഗങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുകയോ മറ്റു കാരണങ്ങളാലോ പൈസ അടക്കുന്നത് മുടങ്ങി കഴിഞ്ഞാല്‍ ഭീമമായ സംഖ്യയാണ് കുടിശ്ശികയായി ഈടാക്കുന്നത്. കുടിശ്ശിക ഈടാക്കുന്നത് ഒഴിവാക്കി പണം അടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. 60 വയസ് കഴിഞ്ഞ നിരവധി ആളുകള്‍ ഇപ്പോഴും പ്രവാസത്തിലുണ്ട്, അത്തരം ആളുകള്‍ക്ക് ഒറ്റത്തവണ പേമെന്റ് സംവിധാനത്തിലൂടെ ക്ഷേമനിധിയില്‍ ചേരാനുള്ള അവസരം ഒരുക്കണം. പ്രവാസി പെന്‍ഷന്‍ തുക
വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നോര്‍ക്കയില്‍നിന്നും ക്ഷേമനിധിയില്‍ നിന്നും നല്‍കി വരുന്ന വിവാഹം, ചികിത്സ എന്നിവക്കുള്ള ധനസഹായം വര്‍ധിപ്പിക്കണം.

തിരുന്നാവായ-ഗുരുവായൂര്‍ റെയില്‍ പാതയുടെ നിര്‍മാണത്തിന് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഇന്നും യാഥാര്‍ഥ്യമായിട്ടില്ല. ഈ പദ്ധതി നടപ്പിലായാല്‍ തീരദേശ മേഖലയിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നുമവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എസ്.എ അബൂബക്കര്‍, രക്ഷാധികാരികളായ ഗുലാം ഹുസൈന്‍ കൊളക്കാടന്‍, സഹദ് പുറക്കാട്, ഭാരവഹികളായ അഷ്‌റഫ് കളത്തിങ്ങള്‍പാറ, നിസ്താര്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *