ന്യൂഡല്‍ഹി: ചെലവ് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റര്‍ ഇന്‍കോര്‍പ്പറേറ്റ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഏകദേശം 90 ശതമാനം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിട്ടുണ്ട്. ബാക്കിയുള്ള ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ട്വിറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസുകള്‍ അടച്ചുപൂട്ടി. അതേസമയം ബംഗളൂരുവിലെ ഓഫിസ് പ്രവര്‍ത്തനം തുടരും. എന്നാല്‍ ഇതുവരെ ഇതിനെകുറിച്ച് ട്വിറ്ററിന്റെ ഇന്ത്യയിലുള്ള അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
2022 അവസാനത്തോടെ ട്വിറ്ററിനെ സാമ്പത്തികമായി സുസ്ഥിരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുകയും ലോകമെമ്പാടുമുള്ള നിരവധി ഓഫീസുകള്‍ പൂട്ടുകയും ചെയ്തു. 44 ബില്യണ്‍ ഡോളര്‍ കരാറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ വാങ്ങിയത് മുതലാണ് പരിഷ്‌കരണങ്ങള്‍ വരുന്നത്. കനത്ത നഷ്ടം നേരിട്ട മസ്‌കിന് ചെലവ് കുറയ്ക്കാന്‍ വിവിധ മാര്‍ഗങ്ങളാണ് തേടേണ്ടി വന്നത്. സബ്സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയതും ഓഫിസുകള്‍ അടച്ചുപൂട്ടുന്നതും ഇത്തരത്തില്‍ ചെലവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങളാണ്.