ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണം: കോണ്‍ഗ്രസിന്റെ പരാതി ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് കെ. മുരളീധരന്‍

ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണം: കോണ്‍ഗ്രസിന്റെ പരാതി ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് കെ. മുരളീധരന്‍

കോഴിക്കോട്: ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്‍. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം തന്നെ നടത്തണം. ആസൂത്രിത കൊലപാതകമായിരുന്നു ഷുഹൈബിന്റേത്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിഷയം പരിശോധിക്കുമെന്നും ഷുഹൈബ് വധക്കേസിലെ അന്വേഷണം പാര്‍ട്ടി നേതാക്കളിലേക്ക് എത്താതെ ഇരിക്കാനാണ് സി.പി.എം ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കമന്റായി ആകാശ് തില്ലങ്കേരി നടത്തിയ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ആര്‍.എസ്.എസ് – ജമാ അത്തെ ഇസ്ലാമി കൂടിക്കാഴ്ചയിലും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. ആര്‍.എസ്.എസ് നയം മാറ്റാന്‍ ആര് വിചാരിച്ചാലും നടക്കില്ല. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണ് ആര്‍.എസ്.എസ് ലക്ഷ്യം. മതേതര ശക്തികളുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെങ്കില്‍ പുറത്തിറങ്ങേണ്ടെന്ന സന്ദേശമാണ് ജനത്തിന്. മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് വയ്‌ക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത്. ലൈഫ് മിഷന്‍ കോഴ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. എങ്കിലേ സത്യം പുറത്ത് വരൂ. അല്ലെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ അന്വേഷണം രണ്ടാം അധ്യായമായി അവസാനിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *