മാഹി റെയില്‍വെ സ്റ്റേഷന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതു പ്രതീക്ഷ

മാഹി റെയില്‍വെ സ്റ്റേഷന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതു പ്രതീക്ഷ

അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി പത്ത് കോടി രൂപ അനുവദിച്ചതായി പാസഞ്ചേഴ്‌സ്‌സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ്

മാഹി: ആദ്യ കരിവണ്ടി ഓടുമ്പോഴുള്ള അവസ്ഥയില്‍ നിന്ന് ഏറെയൊന്നും മുന്നോട്ട് പോകാത്ത,
ഇല്ലായ്മകളിലും പോരായ്മകളിലും വീര്‍പ്പ് മുട്ടുന്ന മാഹി റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് പുതു പ്രതീക്ഷ. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി പത്ത് കോടി രൂപ അനുവദിച്ചതായി മാഹി റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിച്ച റെയില്‍വെ പാസഞ്ചേഴ്‌സ്‌സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ് അറിയിച്ചു. റിസര്‍വേഷന്‍ ടിക്കറ്റ് കൗണ്ടര്‍ അടയ്ക്കുമെന്ന ആശങ്ക വേണ്ടെന്നും, പാര്‍ക്കിംഗ് ഏരിയ ആധുനിക സൗകര്യത്തോടെ വിപുലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ലിഫ്റ്റ്, രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂര, പ്ലാാറ്റ് ഫോമുകളില്‍ ആവശ്യമായ ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍ , കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ നിര്‍മിക്കും.

മാഹി റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടിലെ പാര്‍ക്കിംഗ് ഏരിയ പൂന്തോട്ടമടക്കം ഉള്‍പ്പെടുത്തിയിട്ടുള്ള ആധുനിക രീതിയിലുള്ള ഗ്രീന്‍ പാര്‍ക്കിംഗ് ആയി വിപുലപ്പെടുത്തും. പ്ലാറ്റ്‌ഫോമിലെ വെളിച്ചക്കുറവും കുടിവെള്ള പ്രശ്‌നവും പരിഹരിക്കും. മാഹി റെയില്‍വേ സ്റ്റേഷനെ വികലാംഗ സൗഹൃദ റെയില്‍വേ സ്റ്റേഷനായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മാഹി റെയില്‍വേ സ്റ്റേഷനില്‍ മതിയായ സുരക്ഷ സംവിധാനമില്ലെന്ന പരാതിയില്‍ ആര്‍.പി.എഫ് ചീഫ് സെക്യൂരിറ്റി ഓഫിസറുമായി കൂടിയാലോചിച്ച് വേണ്ട നടപടി കൈ കൊള്ളും.

അഴിയൂരിലെ ശ്മശാനത്തിന്റെ കാര്യത്തിലും, കോട്ടമലക്കുന്ന് ഭാഗത്തുള്ളവര്‍ക്ക് റെയില്‍വേ കുളത്തില്‍ നിന്നും ജലം ലഭ്യമാക്കുന്നതിനും ഇടപെടല്‍ നടത്തുമെന്നും നാട്ടുകാര്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ വഴിയാത്ര ചെയ്യാനുള്ള ഗേറ്റ് റെയില്‍വേ അടക്കില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ മുത്തപ്പന്‍ മഠപ്പുരയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഇത് കൂടാതെ മുക്കാളി റെയില്‍വേ സ്റ്റേഷനും രണ്ട് കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രാലയ വികസന പദ്ധതിയുടെ ഭാഗമായി 17,000 കോടി രൂപ ചിലവില്‍ 52 റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ടിന് സമാനമായ രീതിയില്‍ നവീകരിക്കുന്ന പദ്ധതി നടന്നു വരികയാണ്. കേരളത്തില്‍ കൊല്ലം, എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് 1200 കോടി രൂപയാണ് ചിലവിടുക.

രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം, ചെങ്ങന്നൂര്‍ ,തൃശൂര്‍, കോഴിക്കോട്, റെയില്‍വേ സ്റ്റേഷനുകളും നവീകരിക്കും. പദ്ധതിയുടെ ആദ്യ ഘട്ടം ഈ വര്‍ഷം പൂര്‍ത്തീകരിക്കും. രണ്ടാംഘട്ടം അടുത്ത വര്‍ഷം ജൂണോടെ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു. മാഹി റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ മനേഷ് നിലവിലെ സ്റ്റേഷന്റെ പരിതാപകരമായ അവസ്ഥ വിശദീകരിച്ചു. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, പൗരസമിതി നേതാക്കള്‍, എന്നിവര്‍ പരാതികള്‍ ബോധിപ്പിച്ചു. ബി.ജെ.പി നേതാക്കളായ ബി. ഗോകുല്‍ , എ.ദിനേശന്‍, പി.ടി ജയചന്ദ്രന്‍, വി.അജിത്ത്കുമാര്‍ എന്നിവര്‍ പി.കെ കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *