തിരുവനന്തപുരം: ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് വേറിട്ടൊരു സര്‍ജറി നടന്നത്. കഴിഞ്ഞ ദിവസമാണ് കിളിമാനൂര്‍ സ്വദേശി സുകുമാരന്‍ തന്റെ ഒന്നര വയസ്സുള്ള പോമറേനിയന്‍ ഇനത്തില്‍ പെട്ട നായ മൂന്നു ദിവസം ആയി ഭക്ഷണമൊന്നും കഴിക്കുന്നില്ല എന്ന ആവലാതിയുമായി ആശുപത്രിയില്‍ എത്തിയത്. ആദ്യപരിശോധനയില്‍ തന്നെ തൊണ്ടയില്‍ എന്തോ കുടുങ്ങിയതാണെന്ന് സംശയം തോന്നി. എക്‌സ്‌റേ എടുത്തു നോക്കിയപ്പോള്‍ തൊണ്ടയില്‍ ഒരു സൂചി തറച്ചിരിക്കുന്നത് കണ്ടെത്തി. ഉടന്‍ തന്നെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സര്‍ജന്‍ ഡോ. എ.കെ അഭിലാഷ് നായയെ അനസ്തീഷ്യ കൊടുത്തു മയക്കി സര്‍ജറി ചെയ്തു സൂചി പുറത്തെടുത്തു. സര്‍ജറിയ്ക്ക് ശേഷം നായ സുഖം പ്രാപിച്ചു ഭക്ഷണം കഴിച്ചു തുടങ്ങിയതായി ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. അനിത അറിയിച്ചു.